/sathyam/media/media_files/87L7yGVdDa79TOATstEj.jpg)
വയനാട്: വയനാട്ടിലെ വന്യജീവി ശല്യത്തിന് പുതിയ പരിഹാരം. സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാനാണ് തീരുമാനം. പ്രത്യേക അധികാരങ്ങളോട് കൂടിയ ഓഫീസറെ ആയിരിക്കും നിയമിക്കുക. വന്യജീവി ശല്യത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് നിയമനം നടത്തുന്നത്.
മുഖ്യമന്ത്രി വിളിച്ചു ചേർത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. രണ്ട് ആർആർടി ടീമിനെക്കൂടി നിയമിക്കുമെന്ന് യോഗത്തിൽ അറിയിപ്പുണ്ട്.
വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ നൽകാനും തീരുമാനമായി. അതേസമയം കാട് പിടിച്ചു കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകൾ വൃത്തിയാക്കണമെന്ന് ജനപ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
അതേസമയം കാട്ടാനയെ പിടികൂടുവാനുള്ള ദൗത്യം നീണ്ടു പോകുന്ന സാഹചര്യത്തിൽ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. അജീഷിനെ കൊലപ്പെടുത്തിയ ആനയെ വെടിവെച്ചു കൊല്ലണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
അതേസമയം അധികൃതർ മയക്ക് വെടി വയ്ക്കുവാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുന്നുണ്ട്. ആനയെ കണ്ടെത്തുവാനുള്ള വ്യാപക ശ്രമത്തിലാണ് വനം വകുപ്പ് അധികൃതർ. ഇതിനായി ഡ്രോൺ ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങളും എത്തിയിട്ടുണ്ട്.