/sathyam/media/media_files/X5hVnC4Tv0NIzRq50INK.jpg)
മാനനന്തവാടി: വയനാട്ടിൽ വീണ്ടും ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന മാനനന്തവാടിയിൽ ഭീതി പരത്തുകയാണ്. കോടതി വളപ്പിൽ കയറിയ ഒറ്റയാൻ കെഎസ്ആർടിസി ഡിപ്പോയുടെ സമീപത്തേക്ക് നീങ്ങുകയാണെന്നാണ് വിവരം.
വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കർണാടക മേഖലയിൽ നിന്നെത്തിയ ആനയാണിതെന്നാണ് പ്രാഥമിക നിഗമനം. അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ജനവാസമേഖലയിൽ ഇറങ്ങിയ ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്.
ആന ജനവാസമേഖലയിൽ ഇറങ്ങിയ സാഹചര്യത്തിൽ മാനന്തവാടിയിലെ സ്‌കൂളുകൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂളിലെത്തിയ കുട്ടികളെ സുരക്ഷിതരാക്കണമെന്നും, വീട്ടിൽ നിന്ന് ഇറങ്ങാത്തവർ പുറപ്പെടരുതെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദിപ്പൂർ വനപാതയിൽ ഇറങ്ങിയ കാട്ടാനകളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദേശീയപാത 766ലാണ് ആനക്കൂട്ടമിറങ്ങിയത്. കാട്ടാനകൾ റോഡിലിറങ്ങിയ ദൃശ്യങ്ങൾ യാത്രക്കാർ പകർത്തിയിരുന്നു. ആനകളെ കണ്ട് കാറിൽ നിന്നിറങ്ങിയ രണ്ടുപേർ ദൃശ്യം പകർത്താൻ ശ്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിവരം.
ഒരു ആനക്കുട്ടി അടക്കം മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പിടിയാന ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന രണ്ടുപേരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ വീഴുകയും ചെയ്തു.
വീണയാളെ തുമ്പിക്കൈകൊണ്ടും കാലുകൊണ്ടും ആന ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഉരുണ്ട് മാറുകയായിരുന്നു. ഈസമയം അതുവഴി ഒരുലോറി വന്നതോടെ ആനയുടെ ശ്രദ്ധതിരിഞ്ഞതാണ് യാത്രക്കാരന് രക്ഷപ്പെടാൻ അവസരം ഒരുങ്ങിയത്.