/sathyam/media/post_banners/pyfld2DI2yBYkbSHIPyJ.jpg)
വയനാട്: തുടർച്ചയായ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.
മാനന്തവാടി പടമലയിൽ കർഷകനായ അജീഷിനു പിന്നാലെ, കുറുവാ ദ്വീപ് സുരക്ഷാ ജീവനക്കാരനായ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് ഹർത്താൽ. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങൾ തടയുമെന്നും പ്രതിഷേധക്കാർ അറയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കർഷകനായ അജീഷിനെ, മോഴയാന ബേലൂർ മഖ്ന ചവിട്ടിക്കൊന്ന സ്ഥലത്തുനിന്ന് 7 കിലോമീറ്റർ മാത്രമകലെയാണ് വാച്ചറായ പോൾ കാട്ടാനയുടെ ആക്രമത്തിൽ പെട്ടത്. 5ഓളം ആനകളടങ്ങിയ കൂട്ടമായിരുന്നു പോളിനെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവയിലൊന്നിന്റെ ആക്രമണത്തിലാണ് പോളിന് മരണം സംഭവിച്ചത്. ഇന്നലെ രാത്രി തന്നെ പോളിന്റെ പോസ്റ്റുമാർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂർത്തിയായിരുന്നു. മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും.
വയനാടിനെ ഇളക്കിമറിച്ച മോഴയാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. കർണ്ണാടകയിൽ നിന്നുള്ള വിദഗ്ധ സംഘം എത്തിയിട്ടും ആറു ദിവസം കഴിയുമ്പോഴും ആനയെ മയക്കു വെടിവയ്ക്കാൻ സാധിക്കാത്തതിൽ നാട്ടുകാർ അതൃപ്തി പ്രകടിപ്പിച്ചു. റോഡിയോ കോളർ വിവരങ്ങൾ നിരീക്ഷിച്ച് ഇന്നും ദൗത്യം തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.