/sathyam/media/media_files/kZiimwmWjrA6hap3nKSt.jpg)
കല്പറ്റ: വയനാട്, വെള്ളമുണ്ടയിലെ വിജ്ഞാൻ ലൈബ്രറി സംഘടിപ്പിച്ച പുസ്തക ആസ്വാദന സദസ്സ് സാംസ്കാരിക അഭിനിവേശവും കർമോൽസുകതയും ജനിപ്പിച്ചു.
"ഇക്കിഗായ്" എന്ന ജപ്പാനിൽ നിന്നുള്ള ബെസ്റ്റ് സെല്ലർ പുസ്തകം നൽകുന്ന ജീവിത പാഠങ്ങൾ കർഷകരും ചെറുകിട വ്യാപാരികളും ഉൾപ്പെടെയുള്ള സദസ്സിന് കൗതുകവും പ്രചോദനവും പകർന്നു നൽകുന്നതായി.
മിതമായ ഭക്ഷണം, സുസ്ഥിരമായ വ്യായാമം, എല്ലായ്പ്പോഴും എന്തെങ്കിലും ജോലികളിൽ വ്യാപൃതരായിക്കൊണ്ടിരിക്കൽ, സുഹൃത്തുക്കളുമായുള്ള സഹവാസം, പുഞ്ചിരിക്കുന്ന പ്രകൃതം, ചെയ്യുന്ന ജോലികളിൽ ഏകാഗ്രത തുടങ്ങിയഗുണങ്ങൾ ജീവിതാനുഭവങ്ങളിലൂടെ വരച്ചു കാണിക്കുന്ന "ഇക്കിഗായ്" ലോകത്തെവിടെയുമുള്ള സാഹചര്യങ്ങളിലും പ്രസക്തമായ പാഠങ്ങളാണ് അനാവരണം ചെയ്യുന്നതെന്ന് ആസ്വാദനം അവതരിപ്പിച്ച എസ് കെ തങ്ങൾ ചൂണ്ടിക്കാട്ടി.
"ഇക്കിഗായ്" പാഠങ്ങളിൽ നിന്ന് പാട്പെടുന്ന കർഷക സമൂഹത്തിന് ഏറെ ഉൾക്കൊള്ളാനുണ്ടെന്ന് പുസ്തകാസ്വാദന സദസ്സിൽ മോഡറേറ്ററായിരുന്ന ലൈബ്രറി പ്രസിഡൻ്റ് കെ കെ ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.
"ആഹ്ളാദകരമായ ദീര്‍ഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം" എന്ന മുഖവാക്യത്തോടെ ഹെക്റ്റർ ഗാർസിയ, ഫ്രാൻസെക്സ് മിറാലെസ് എന്നിവർ ചേർന്ന് രചിച്ച "ഇക്കിഗായ്" പുസ്തകം ജപ്പാൻകാർ ലോകത്ത് കൈവരിച്ച വിജയഗാഥകൾ സർഗാത്മക മികവോടെ അടയാളപ്പെടുത്തുന്നു.
സെക്രട്ടറി എം ശശി, എം സഹദേവൻ, എം അബ്ദുൾ അസീസ് മാസ്റ്റർ, സഫൂ വയനാട്, റിഷാന ആർ വി, അബ്ദുൾ നാസർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു