രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത് പൊറോട്ട തിന്നാന്‍ മാത്രം, രാമനാട്ടുകരയിലും അടിവാരത്തും വന്ന് പോറോട്ട കഴിച്ച് പോകാനല്ല വയനാട്ടുകാര്‍ രാഹുലിനെ തെരഞ്ഞെടുത്തത്; ഈ എംപിയെ ചുമക്കേണ്ട ഗതികേടിലാണ് കേരളം നില്‍ക്കുന്നത്; ഇനിയും രാഹുല്‍ ഗാന്ധിയെ പോലെയുള്ള ആളുകളെ ചുമന്ന് നടക്കാന്‍ മലയാളികള്‍ തയ്യാറായാല്‍ അത് ശാപമായിരിക്കുമെന്ന് കെ സുരേന്ദ്രന്‍

New Update
k surendran1

കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തുന്നത് പൊറോട്ട തിന്നാന്‍ മാത്രമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട്ടിലെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്‌നം അഡ്രസ് ചെയ്യാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല.

Advertisment

ഈ എംപിയെ ചുമക്കേണ്ട ഗതികേടിലാണ് കേരളം നില്‍ക്കുന്നതെന്നും ഇനിയും രാഹുല്‍ ഗാന്ധിയെ പോലെയുള്ള ആളുകളെ ചുമന്ന് നടക്കാന്‍ മലയാളികള്‍ തയ്യാറായാല്‍ അത് ശാപമായിരിക്കുമെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വയനാട്ടിലെ സാഹചര്യം കേന്ദ്ര വനം പരിസ്ഥിതിയെ മന്ത്രി ഉപേന്ദ്രയാദവിനെ അറിയിച്ചതായി സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നോക്കുകുത്തിയായാണ് സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍. സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ ഉണ്ടാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'വയനാട്ടില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിട്ട് കാര്യമില്ല. പിണറായി സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരു പ്രതിസന്ധിയെയും തരണം ചെയ്യാനാവാത്ത കാലഹരണപ്പെട്ട സര്‍ക്കാരാണ് പിണറായിയുടേത്. കാല്‍നൂറ്റാണ്ട് പിറകിലാണ് പിണറായിയുടേയും എകെ ശശീന്ദ്രന്റെയും സ്ഥാനം. ഇവര്‍ക്ക് ഒന്നിനെ പറ്റിയും ധാരണയില്ല.

ആനകളെ എങ്ങനെ സംരക്ഷിക്കണം, വന്യജീവികളോട് എന്തുനിലപാട് സ്വീകരിക്കണമെന്ന് പറഞ്ഞാല്‍ മനസിലാവുന്ന ഒരു കൂട്ടരല്ല. എക്‌സപയറി ഡേറ്റ് കഴിഞ്ഞവരാണ്. ഇത്തരമൊരു നേതൃത്വത്തെ ചുമക്കേണ്ട ഗതികേടിലാണ് കേരളത്തിലെ ജനങ്ങള്‍'- സുരേന്ദ്രന്‍ പറഞ്ഞു.

'രാഹുല്‍ ഗാന്ധിയാണ് അവിടുത്തെ എംപി. ആണ്ടിനും സംക്രാന്തിക്കും മാത്രമാണ് അയാളെ അവിടെ കാണുന്നത്. വന്നാല്‍ തന്നെ നില്‍ക്കാന്‍ സമയമില്ല. രണ്ടുപൊറോട്ടയും കഴിച്ചിട്ട് അയാള്‍ പോകുകയാണ്. ഇങ്ങനെയൊരു ജനപ്രതിനിധിയെ കൊണ്ടാണ് എന്താണ് കാര്യം. അവിടെ ഒരു യോഗത്തിനുപോലും രാഹുല്‍ ഗാന്ധി വന്നിട്ടില്ല. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പോലും രണ്ടുതവണ അവിടെ വന്നിട്ടുണ്ട്.

വയനാട്ടിലെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്‌നം രാഹുല്‍ അഡ്രസ് ചെയ്തിട്ടുണ്ടോ?. ഈ ഗതികേടിലാണ് കേരളം നില്‍ക്കുന്നത്. ഇനിയും രാഹുല്‍ ഗാന്ധിയെ പോലെയുള്ള ആളുകളെ ചുമന്ന് നടക്കാന്‍ മലയാളികള്‍ അത് തയ്യാറായാല്‍ അത് ശാപമായിരിക്കും.

രാമനാട്ടുകരയിലും അടിവാരത്തും വന്ന് പോറോട്ട കഴിച്ച് പോകാനല്ല വയനാട്ടുകാര്‍ രാഹുലിനെ തെരഞ്ഞെടുത്തത്. എംപി എന്ന നിലയില്‍ അദ്ദേഹം ദയനീയ പരാജമാണ്'- സുരേന്ദ്രന്‍ പറഞ്ഞു.

Advertisment