വയനാട്: കേരളത്തിലെ കോളേജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങളായി മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അധ്യാപകര്‍ക്കും അതില്‍ പങ്കുണ്ട്.
സിദ്ധാര്‍ത്ഥ് എന്ന മിടുക്കനായ വിദ്യാര്‍ത്ഥിയെ പ്രസ്താനത്തിന്റെ ഭാഗമാക്കാന്‍ കഴിയാത്തതിലെ അസ്വസ്ഥതയാണ് പൈശാചികമായ കൊലയിലേക്ക് വഴിതെളിച്ചതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
ഹൃദയഭേദകമായ സാഹചര്യത്തിലാണ് സിദ്ധാര്‍ത്ഥന്റെ രക്ഷിതാക്കളെ കാണാന്‍ കഴിഞ്ഞത്. പ്രതിസന്ധികളെ അതിജീവിച്ചാണ് സിദ്ധാര്‍ത്ഥിനെ പഠിക്കാന്‍ അയച്ചത്.
ദാരുണമായ വിധി. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഏറ്റവും വലിയ ഇരയാണ് സിദ്ധാര്‍ത്ഥ്. എല്ലാ സാഹചര്യം പരിശോധിച്ചാലും സിദ്ധാര്‍ത്ഥിന്റേത് കൊലപാതകമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മൂന്ന് ദിവസം വെള്ളംപോലും കൊടുക്കാതെ ഒരു ചെറുപ്പക്കാരനെ ഇലക്ട്രിക് മാഗ്നെറ്റ്, വടി, ബെല്‍റ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ഭീകരമായി ആക്രമിച്ചു. അവസാനം ആത്മഹത്യ ചെയ്ത നിലയില്‍ അവനെ കണ്ടു. ഇത് ഏത് യുഗമാണ്. എസ്എഫ്‌ഐയില്‍ ചേരാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അത് ചെയ്തില്ലെന്നാണ് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ പറഞ്ഞത്.
സിദ്ധാര്‍ത്ഥ് എന്ന മിടുക്കനായ വിദ്യാര്‍ത്ഥിയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാന്‍ കഴിയാത്തതിലെ അസ്വസ്ഥതയാണ് പൈശാചികമായ കൊലയിലേക്ക് വഴിതെളിച്ചത്. 1998 ല്‍ റാഗിംഗ് നിരോധിച്ചതാണ്. ഇത് റാഗിംഗ് അല്ല, കൊന്നുതീര്‍ക്കലാണ്.
കോളേജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമമായി. മുടക്കോഴിമലയൊക്കെ നമ്മള്‍ കേട്ടിട്ടുണ്ടല്ലോ. കേരളത്തിലെ കോളേജ് ഹോസ്റ്റലുകള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാംപായി. അധ്യാപക സമൂഹവും പ്രതികൂട്ടിലാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.