/sathyam/media/media_files/HQtALU3I3RNN0lQCvFNI.jpg)
വയനാട്: തണ്ണീർ കൊമ്പന് പിന്നാലെ വയനാട്ടിൽ വീണ്ടും കാട്ടാനയിറങ്ങി. ഇത്തവണയും കർണാടക വന അതിർത്തിക്ക് അപ്പുറത്ത് നിന്നാണ് ആന എത്തിയിരിക്കുന്നത്. കർണാടക റേഡിയോ കോളർ പിടിപ്പിച്ച ആനയാണ് കാടിറങ്ങിയത്.
പടമല ഭാഗത്താണ് ആന ഇപ്പോഴുള്ളതെന്നാണ് വിവരം. കഴിഞ്ഞ ദിവസവും സമാനമായ സംഭവമുണ്ടായിരുന്നു. തണ്ണീർ കൊമ്പനെന്ന ആനയാണ് അന്ന് മാനന്തവാടി ടൗണിൽ ഇറങ്ങിയത്. തണ്ണീർക്കൊമ്പന് പിന്നാലെ വീണ്ടുമൊരു കാട്ടാന എത്തിയത് പ്രദേശവാസികളിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച മാനന്തവാടിയിൽ മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീർ കൊമ്പനെ കർണാടക വനംവകുപ്പിന് കൈമാറിയ ശേഷം ശനിയാഴ്ച പുലർച്ചയോടെയാണ് ചരിഞ്ഞത്. രണ്ടാഴ്ച മുമ്പ് കർണാടകയിലെ ഹാസനിൽ നിന്ന് പിടികൂടി ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ട കാട്ടാനായിരുന്നു തണ്ണീർ കൊമ്പൻ. 20 ദിവസത്തെ ഇടവേളയ്ക്കിടെ രണ്ടുതവണയാണ് മയക്കുവെടിവെച്ച് പിടികൂടിയത്.
തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവം വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. മാനന്തവാടിയിൽ നിന്ന് ബന്ദിപ്പൂരിലെത്തിച്ച ആനയെ വിദഗ്ധ പരിശോധന നടത്താനിരിക്കവേയാണ് ചരിഞ്ഞത്.
ആന ചരിഞ്ഞ സംഭവത്തിൽ സംഭവത്തിൽ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഇതിനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.