/sathyam/media/media_files/ln2r1QIe1wQFDjNdCBz2.jpg)
വയനാട്: ആളെക്കൊല്ലി ആനയെ തേടിയുള്ള 'ഓപ്പറേഷൻ ബേലൂർ മഖ്ന' അഞ്ചാം ദിവസവും തുടരുകയാണ്. ആനയെ തേടി ട്രാക്കിങ് ടീം വനത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
ഒടുവില്‍ ലഭിച്ച റേഡിയോ കോളര്‍ സിഗ്നല്‍ പ്രകാരം കാട്ടിക്കുളം പനവല്ലി റോഡിലെ മാനിവയല്‍ പ്രദേശത്തെ വനത്തിലാണ് മോഴയാന ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തോല്‍പ്പെട്ടി-ബേഗൂര്‍ റോഡ് മുറിച്ചുകടന്നാണ് ആന ഈ പ്രദേശത്തേക്ക് എത്തിയത്.
രാത്രി 9.30 ഓടെ തോല്‍പ്പെട്ടി റോഡ് കടന്ന് കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലേക്ക് ആന എത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. രാത്രിയില്‍ ഈ മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് അറിയിച്ച വനപാലകര്‍, ആന ജനവാസപ്രദേശങ്ങളിലേക്ക് എത്താതിരിക്കാനുള്ള മുന്‍കരുതലും ഒരുക്കിയിരുന്നു.
മണ്ണുണ്ടി മുതല്‍ മാനിവയല്‍ വരെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വനപ്രദേശത്ത് തന്നെയാണ് ആന സഞ്ചരിക്കുന്നത്. ഈ വനമേഖല കുറ്റിക്കാടുകള്‍ നിറഞ്ഞതാണ്. അതിനാൽ മയക്കുവെടിവെക്കല്‍ ദൗത്യം അഞ്ചാം ദിനത്തിലേക്ക് നീളുകയാണ്.
എന്തുവില കൊടുത്തും ആനയെ വരുതിയിലാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ദൗത്യസംഘം മുന്നോട്ടുപോകുന്നത്. ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാന കൂടിയുണ്ട്.
ബേലൂർ മഖ്‌നയെ ലക്ഷ്യം വെക്കുന്ന ദൗത്യ സംഘത്തിന് നേരെ ഈ മോഴയാന ആക്രമണത്തിന് മുതിര്‍ന്നിരുന്നു. വെടിയുതിര്‍ത്താണ് ദൗത്യംസംഘം ഈ ആനയെ തുരത്തിയത്.