/sathyam/media/media_files/4ncJbWafPOsSqK1baQ2u.jpg)
കൽപ്പറ്റ: സിദ്ധാർത്ഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.
പൊലീസിന് നേരെ പ്രവർത്തകർ കല്ലും വടികളും കുപ്പികളും വലിച്ചെറിഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കെട്ടിത്തൂക്കി കൊന്നില്ലേ എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ മാർച്ച് ചെയ്തെത്തിയത്.
സിദ്ധാർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 12ാം തീയതി സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു.
പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ വിളിച്ചത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഒത്തുതീർപ്പാക്കാം എന്നാണ് പറഞ്ഞത്. തിരിച്ചെത്തിയ സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല.