/sathyam/media/media_files/0Iy31xLbwPeMkTBkmJKm.jpg)
പുൽപ്പള്ളി: വന്യമൃഗ ആക്രമണം രൂക്ഷമായ വയനാട്ടിൽ ശക്തമായ ജനരോഷം സംഘർഷത്തിൽ കലാശിച്ചു. സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
അനുനയ ശ്രമങ്ങൾക്കൊടുവിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്നാണ് അവരെ പൊലീസ് അടിച്ചോടിച്ചത്. ശക്തമായ പ്രതിഷേധം തുടരുകയാണ്. സമരക്കാർക്കും പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
നേരത്തെ വനംവകുപ്പ് ജീവനക്കാരുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാർ കടുവ കടിച്ചുകൊന്ന കന്നുകാലിയുടെ ജഡം അതിൽ വച്ചുകെട്ടി. വാഹനത്തിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് കീറുകയും ചെയ്തു. വാഹനത്തിൽ റീത്ത് വെക്കുകയും ചെയ്തിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനെത്തിയ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.
കാട്ടുനീതി നാട്ടിൽ വേണ്ട എന്ന് മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങളുടെ പ്രതിഷേധം. ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ കൂടുതൽ ജനങ്ങൾ ഇവിടേക്ക് സംഘടിച്ചു. വളരെ വൈകാരികമായാണ് ജനങ്ങൾ പ്രതികരിക്കുന്നത്.