/sathyam/media/media_files/iTjLMlqe9RolVhyC5lU3.jpg)
കൽപ്പറ്റ: വയനാട്ടിലെ വന്യജീവി അക്രമണങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
പുല്‍പ്പള്ളി, പാലമൂല മറ്റത്തില്‍ വീട്ടില്‍ സുരേഷ് കുമാർ(47), പാടിച്ചിറ നാല്‍പ്പത്തഞ്ചില്‍ വീട്ടില്‍ സണ്ണി(52), പാടിച്ചിറ കഴുമ്പില്‍ വീട്ടില്‍ സജി ജോസഫ് (46), സീതാമൗണ്ട് പുതിയകുന്നേല്‍ വീട്ടില്‍ വിന്‍സന്‍റ് മാത്യു(46), പാടിച്ചിറ ചക്കാത്തു വീട്ടില്‍ ഷെഞ്ജിത്ത്(35) എന്നിവരെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
വനംവകുപ്പിന്‍റെ വാഹനം ആക്രമിച്ചത് ഉൾപ്പടെയുള്ള കേസിലാണ് അറസ്റ്റ്. പ്രതിഷേധത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച വനംവാച്ചർ പോളിന്റെ മൃതദേഹവുമായി ശനിയാഴ്ച രാവിലെ പുൽപള്ളി ടൗണിൽ നടന്ന പ്രതിഷേധമാണു വൻ സംഘർഷത്തിലേക്കു നീങ്ങിയത്. 2 തവണ പൊലീസ് ലാത്തിച്ചാർജ് നടത്തി.
ജനക്കൂട്ടം ഫോറസ്റ്റ് ജീപ്പിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് ഷീറ്റ് കുത്തിക്കീറി. പുൽപള്ളിയിൽ കടുവ കൊന്ന മൂരിയുടെ ജഡം ജീപ്പിന്റെ ബോണറ്റിൽ വച്ച ജനക്കൂട്ടം ജീപ്പിനു മുകളിൽ വനംവകുപ്പിനു റീത്തും സമർപ്പിച്ചു.