സിദ്ധാര്‍ത്ഥന്റെ മരണം; നാല് പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

New Update
siddhaUntitled7

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. ഒളിവിൽ കഴിയുന്ന 4 പ്രതികൾക്കായാണ് നോട്ടീസ് പുറത്തിറക്കിയത്. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. ഇവര്‍ക്ക് ക്ലാസിലെത്താനും പരീക്ഷ എഴുതാനും സാധിക്കില്ല.

Advertisment

കൂടാതെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരും മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തവരുമാണ് ഈ വിദ്യാർത്ഥികളെന്നാണ് വിവരം.

ഈ 12 വിദ്യാർത്ഥികളെയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

സംഭവത്തില്‍ കോളേജ് ഡീനിനോട് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം തേടിയിട്ടുണ്ട്. മര്‍ദ്ദന വിവരം അറിയാന്‍ വൈകിയതിലാണ് കോളേജ് ഡീന്‍ ഡോ. എംകെ നാരായണനോട് വിശദീകരണം തേടിയത്.

സംഭവം അറിഞ്ഞില്ലെന്നാണ് ഡീന്‍ ഡോ. നാരായണന്‍ വിശദീകരണം നല്‍കിയത്. അറിഞ്ഞയുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഡീന്‍ രജിസ്ട്രാറെ അറിയിച്ചു. ഇതിനിടെ ക്യാമ്പസിൽ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു. ഇത്തരം മര്‍ദ്ദനങ്ങള്‍ പതിവാണെന്ന വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

നേരത്തെ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തിരുന്നു. സിദ്ധാർഥിനെതിരായ അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസത്തേക്ക് കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഇവർക്ക് ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല.

ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി. ക്യാമ്പസിലെ റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. നടപടിക്കെതിരെ വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.

Advertisment