വയനാട്: രാഹുൽ ഗാന്ധിക്ക് പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വയനാട്ടിലെത്തും. വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായാണ് കേന്ദ്ര മന്ത്രി എത്തുന്നത്.
ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ കെ സുരേന്ദ്രൻ തന്നെയാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം അറിയിച്ചത്. നേരത്തെയും പലതവണ വയനാട് മണ്ഡലത്തിൽ സ്മൃതി ഇറാനിയെത്തിയിരുന്നു.
‘ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസന വിപ്ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മൃതി ഇറാനിജിയോടൊപ്പമാണ് പത്രികാ സമര്‍പ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു’, കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായി അറിയപ്പെട്ടിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത് സ്മൃതി ഇറാനിയായിരുന്നു. 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം.
സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി അടക്കമുള്ളവരെ പലവട്ടം ജയിപ്പിച്ച മണ്ഡലം അതിന് മുമ്പ് രണ്ട് തവണ മാത്രമാണ് കോൺഗ്രസിന് തിരിച്ചടി നൽകിയത്. 2004 മുതൽ തുടർച്ചയായി രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച മണ്ഡലം സ്വന്തം പേരിലാക്കിയ സ്മൃതി ഇറാനിയെ തന്നെ രാഹുൽ മത്സരിക്കുന്ന വയനാട്ടിലെത്തിച്ച് പ്രചാരണം നടത്താനാണ് എൻഡിഎയുടെ നീക്കം.