/sathyam/media/media_files/XgCY3rRIVx5bX16s4H8a.jpg)
വയനാട്: വയനാട്ടിലെ മാനന്തവാടിയില്‍ മയക്കുവെടിവെച്ചതിന് പിന്നാലെ ചരിഞ്ഞ തണ്ണീര്‍ കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റ് കൊണ്ട പാടുകള്‍ കണ്ടെത്തി. ആന ജനവാസ മേഖലയിലോ കൃഷിയിടത്തിലോ എത്തിയപ്പോള്‍ തുരത്താന്‍ ഉപയോഗിച്ചതാകാമെന്നാണ് സംശയം.
വെള്ളിയാഴ്ച മാനന്തവാടിയില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ ആന ശനിയാഴ്ച പുലര്‍ച്ചയോടെ കര്‍ണാടക വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെയാണ് ചരിഞ്ഞത്. മയക്കുവെടിയേറ്റതിനു ശേഷം 15 മണിക്കൂറോളം ആന മതിയായ വെള്ളം കിട്ടാതെ നിന്നിരുന്നു.
നീര്‍ജലീകരണം സംഭവിച്ചതായും ഇലക്ട്രൊലൈറ്റ് അളവ് കുറഞ്ഞതോടെ ഹൃദയാഘാതം ഉണ്ടായെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. 20 ദിവസത്തെ ഇടവേളയ്ക്കിടെ രണ്ടുതവണയാണ് തണ്ണീര്‍ കൊമ്പന് മയക്കുവെടിയേറ്റത്. ആന ചരിയാനിടയായ സാഹചര്യം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്..
തണ്ണീര്‍ കൊമ്പനെ കേരള വനമേഖലയില്‍ കണ്ടപ്പോള്‍ തന്നെ കേരള കര്‍ണാടക വനംവകുപ്പുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നു. റേഡിയോ കോളര്‍ ധരിച്ചിരുന്ന ആനയുടെ കൃത്യമായ ലൊക്കേഷന്‍ സിഗ്‌നല്‍ പല ഘട്ടങ്ങളിലും ലഭിച്ചിച്ചിരുന്നില്ല.
ഇത് മൂലം കാട്ടാനയെ ട്രാക്ക് ചെയ്യാന്‍ തടസ്സം നേരിട്ടിരുന്നു. നാഗര്‍ഹോളെയില്‍ നിന്ന് തിരുനെല്ലി കാട്ടിലൂടെയാണ് ആന എത്തിയതെന്നായിരുന്നു കണ്ടെത്തല്‍. രണ്ടാഴ്ച മുമ്പ് കര്‍ണാടകയിലെ ഹാസനില്‍നിന്ന് പിടികൂടി ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ട കാട്ടാനായിരുന്നു ഇത്.