/sathyam/media/media_files/4fzN0fQPujdw0j6iKFK4.jpg)
സുൽത്താൻ ബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് ധനസഹായം ഉൾപ്പെടെ നൽകുമെന്ന് വനം വകുപ്പ്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീമിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പുനൽകിയത്. ഉന്നത ഉദ്യോഗസ്ഥർ എത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഒടുവിൽ ഡിഎഫ്ഒയും ഐസി ബാലകൃഷ്ണൻ എംഎൽഎയും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
സുൽത്താൻ ബത്തേരിക്കടുത്തുള്ള വാകേരിയിലാണ് യുവാവിനെ കടുവ കൊലപ്പെടുത്തിയത്. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷിനാണ് (36) ദാരുണാന്ത്യം സംഭവിച്ചത്. പുല്ല് പറിക്കാൻ പോയ പ്രജീഷിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇടതുകാൽ തുട ഏതാണ്ട് പൂർണമായും ഭക്ഷിച്ച നിലയിലായിരുന്നു. അസ്ഥി മാത്രമായിരുന്നു ശേഷിച്ചത്.
ക്ഷീര കർഷകനായ പ്രജീഷ് രാവിലെ പുല്ല് പറിക്കാനായി വീടിനടുത്തുള്ള കാടുമൂടിയ ഭാഗത്തേക്ക് പോയപ്പോഴാണ് കടുവ ആക്രമിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്താതിനെ തുടർന്ന് സഹോദരനും സുഹൃത്തുകളും നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം നാല് മണിയോടെ പൊന്തക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്.