വയനാട് മൂലങ്കാവ് ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ റാഗിംഗിൽ നടപടി. കേസിൽ ആറുവിദ്യാർത്ഥികളെ പ്രതി ചേർത്തു. പ്രത്യേക കമ്മറ്റി ഉണ്ടാക്കി അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്.പത്താം ക്ലാസ് വിദ്യാർത്ഥി ശബരീനാഥിനെ മർദ്ദിച്ച സംഭവത്തിലാണ് കേസ്.
വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥനാണ് സഹപാഠികളുടെ ക്രൂരമർദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചുവരുത്തിയാണ് മർദനം. കത്രിക കൊണ്ട് ഒരു വിദ്യാർത്ഥി ശരീരത്തിന്റെ പല ഭാഗങ്ങളിൽ കുത്തിപ്പരിക്കൽപ്പിച്ചു. ആദ്യം നൂൽപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നാലെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുൽത്താൻബത്തേരി പൊലീസെത്തി വിദ്യാർത്ഥിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചു. നിലവിൽ സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ല ശബരിനാഥ്. അടുത്ത ദിവസം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന വിവരം. കണ്ണിന്റെ താഴെ, ചെവി എന്നിവിടങ്ങളിൽ പരിക്കുണ്ട്. മറ്റൊരു സ്കൂളിലായിരുന്ന ശബരീനാഥ് ഈ വർഷമാണ് മൂലങ്കാവ് സ്കൂളിൽ പ്രവേശനം നേടിയത്.