Advertisment

ഫയലിലെ വിവരം പുറത്ത് നല്കിയില്ലെങ്കിൽ ഓഫീസർ അകത്താകും - സംസ്ഥാന വിവരാവകാശ കമ്മിഷണർ

author-image
ഇ.എം റഷീദ്
New Update
a hakkim state infornation commissioner

വയനാട്: വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് ഫയൽ കാണാനില്ലെന്ന് മറുപടി നല്‍കുന്നത് ശിക്ഷാർഹമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കിം.  വയനാട് കലക്ടററ്റിൽ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം.

Advertisment

കേന്ദ്ര സർക്കാർ പാസാക്കിയ പബ്ലിക് റക്കോഡ്സ് ആക്ട് പ്രകാരം അഞ്ച് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഫയൽ കാണാതാകുന്ന പരാതിയിൽ വിവരാവകാശ നിയമവും പബ്ലിക് റകോഡ്സ് ആക്ടും സമാന നടപടികളാണ്  സ്വീകരിക്കേണ്ടതെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവായിട്ടുണ്ട്. ഫയലുകൾ പലപ്പോഴും കാണാതാകുന്നതല്ലെന്നും കാണാതാക്കുന്നതാണെന്നും കമ്മിഷണർ പറഞ്ഞു. 

ജനങ്ങൾ സർക്കാരിനെ കാണുന്നത് ഉദ്യോഗസ്ഥരിലൂടെയാണ് . അവരുടെ പെരുമാറ്റം സർക്കാറിനെ  വിലയിരുത്താൻ കാരണമാകുന്നു. ഫയലില്‍ വിവരം ഉണ്ടായിട്ടും അപേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ സന്നദ്ധരാവാത്ത ഒരു വിഭാഗം ഓഫീസര്‍മാര്‍ ഉണ്ട്. അവർ സർക്കാർ ഓഫീസുകൾക്ക്  ദുഷ്പേരുണ്ടാക്കുകയാണ്. അത്തരക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. 

വിവരാവകാശ മറുപടിയില്‍ ബന്ധപ്പെട്ട എസ്.പി.ഒ യുടെ പേര്, തസ്തിക, അപ്പീല്‍ അതോറിറ്റിയുടെ പേര്, തസ്തിക, ഔദ്യോഗിക വിലാസം എന്നിവ നിര്‍ബന്ധമായും നല്‍കണം. അല്ലാത്തവർ സെക്ഷൻ 10 ന്റെ നിർദ്ദേശം ലംഘിക്കുകയാണ്.

ഉദ്യോഗസ്ഥര്‍ അധിക സമയമെടുത്താണ് വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് എന്ന കാര്യം ഹരജിക്കാർ പരിഗണിക്കണം.  ഉദ്യോഗസ്ഥരെ നിരന്തരം ജോലി ഭാരത്തിലാക്കാതെ അത്യാവശ്യത്തിനു മാത്രം സൗഹൃദ-സഹകരണ മനോഭാവത്തോടെ വിവരങ്ങള്‍ നേടിയെടുക്കാന്‍ അപേക്ഷകര്‍ സന്നദ്ധരാവണം.  ഉദ്യോഗസ്ഥരുടെ  സമയവും പൊതുമുതലും നഷ്ടമാവുന്ന രീതിയില്‍ ഹര്‍ജിക്കാര്‍ ഇടപ്പെടരുതെന്നും കമ്മീഷണര്‍ അഭ്യർത്ഥിച്ചു. 

asalath wayanad

പൗരന് ശരിയായ വിവരം  ലഭ്യമാക്കുന്നതിലൂടെ സര്‍ക്കാര്‍ സേവനങ്ങളും വകുപ്പുകളും സംബന്ധിച്ച് മികച്ച അഭിപ്രായം രൂപപ്പെടുത്താന്‍ സഹായിക്കും. കൈകടത്തലില്ലാതെ ഉറവിടത്തില്‍ നിന്നുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് വിവരവകാശ നിയമത്തിന്റെ സുതാര്യത. 

വിവരാവകാശ അപേക്ഷ ലഭിച്ച്  ആദ്യ അഞ്ച് ദിവസത്തിനകം പ്രാഥമിക നടപടി സ്വീകരിച്ചിരിക്കണം വിവരാവകാശ ഓഫീസര്‍ തനിക്ക് ലഭിച്ച അപേക്ഷകളില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കില്‍ വിവരാവകാശ നിയമം 6 (3) പ്രകാരം അവിടേക്ക് അയച്ച് നല്‍കണം.  അത്തരം ഘട്ടത്തിൽ വീണ്ടും അപേക്ഷാഫീസ് വാങ്ങരുത്.

കല്‍പ്പറ്റ ടൗണിലെ ഒരു കെട്ടിടത്തിന്  നിര്‍മ്മാണാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ ചോദ്യം വ്യക്തമല്ലെന്ന്  മറുപടി നല്‍കിയ കല്‍പ്പറ്റ മുനിസിപ്പാലിറ്റി എസ്.പി.ഒക്കെതിരെ വിവരാവകാശ നിയമം സെക്ഷന്‍ 20(1) പ്രകാരം ശിക്ഷാനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി. 

മാനന്തവാടി താലൂക്ക് ഓഫീസില്‍ നിന്നും വിവിധ റവന്യൂ ഓഫീസുകളില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടി തൊഴിലും വിവിധ ആനുകൂല്യങ്ങളും സ്വന്തമാക്കി എന്നാരോപിതനായ  വ്യക്തിക്കെതിരെ എക്‌സ്‌ക്യൂട്ടീവ് മിനിസ്റ്റീരിയല്‍ അധികാരം വിനിയോഗിച്ച് നടപടി എടുക്കാമെന്ന മാനന്തവാടി തഹസില്‍ദാറുടെ വിശദീകരണം കമ്മിഷൻ അംഗീകരിച്ചു. ഇതിന്റെ തുടര്‍ നടപടികൾ അറിയിക്കണമെന്ന് കമ്മിഷണർ നിദ്ദേശിച്ചു.

ഹാന്റിക്‌സിന്റെ മേഖലാ ഓഫീസുകളില്‍ വിവരാവകാശ ഓഫീസര്‍മാരെ നിയമിക്കാത്ത നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹാന്റിക്‌സ് ഡയറക്ടര്‍ക്ക് സമന്‍സ് നല്‍കി ജനുവരി 11 ന് കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ട് എത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും കമ്മീഷണര്‍ അറിയിച്ചു.

കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ വിവരാവകാശ അപേക്ഷയില്‍ ഫീസ് വാങ്ങി ശീർഷകം മാറി ക്രഡിറ്റ് ചെയ്ത ശേഷം വിവരം നല്‍കാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയ എസ്.പി.ഒക്കെതിരെ നിയമം 20 (1) പ്രകാരവും ക്ലാർക്കിനെതിരെ  5(5) പ്രകാരവും ശിക്ഷാ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. 

കമ്മീഷന്റെ അറിയിപ്പ് ലഭിച്ചിട്ടും ഹാജരാകാത്ത കല്‍പ്പറ്റ കെ.എസ്.ഇ.ബി  എസ്.പി.ഒക്ക് സമന്‍സ് അയയ്ക്കും. ജനുവരി 11 ന് കമ്മീഷന്‍ ആസ്ഥാനത്ത്  എത്താന്‍ നിര്‍ദ്ദേശിച്ചു. 

ഓഫീസുകളിലെ സേവനം സംബന്ധിച്ച പൗരാവകാശ രേഖ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്നും അപേക്ഷഇല്ലാതെതന്നെ സൈറ്റുകള്‍ എപ്പോഴും പൗരന് വിവരം ലഭ്യമാക്കണമെന്നും ഉത്തരവുകളും സര്‍ക്കുലറുകളും അതത് സമയത്ത് സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും കമ്മീഷന്‍ നിർദ്ദേശിച്ചു. സിറ്റിങില്‍ 11 കേസുകള്‍  പരിഗണിച്ചു. 9 പരാതികള്‍ തീര്‍പ്പാക്കി.

Advertisment