വയനാട് ദുരന്തത്തിന്റെ വ്യാപ്‌തിയേറുന്നു. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലായി 250ഓളം കുടുംബങ്ങൾ താമസിച്ചിരുന്നതായി ചൂരൽമല സ്വദേശി പറഞ്ഞു. വൻ ഉരുൾപൊട്ടലിൽ മരണം 48 ആയി ഉയർന്നിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
'പുലർച്ചെ രണ്ട് മണിയോടെയാണ് വെള്ളവും മണ്ണും അപ്രതീക്ഷിതമായി കുത്തിയൊലിച്ചെത്തിയതെന്ന് ചൂരൽമല സ്വദേശി അഷ്‌റഫ് പറയുന്നു. അർദ്ധരാത്രി ഭാര്യ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. മുണ്ടക്കൈയിൽ അപകടമുണ്ടായെന്നും വലിയ ശബ്ദത്തോടെ ഉരുൾപൊട്ടുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. ദുരന്തത്തിൽ മുണ്ടക്കൈ പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. രാവിലെ പത്തുമണി നടന്ന രക്ഷാപ്രവർത്തനത്തിൽ തന്നെ 25 പേരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. പ്രദേശത്ത് 250ഓളം കുടുംബങ്ങളുണ്ട്.
മുണ്ടക്കൈയിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിച്ചതായും വിവരമുണ്ട്. എന്നാൽ അവരെ ഏത് ദുരിതാശ്വാസ ക്യാമ്പിലേയ്ക്കാണ് മാറ്റിയതെന്ന് വിവരമില്ല. ഒരു സ്‌കൂളിലേയ്ക്കാണ് മാറ്റിയതെന്നാണ് അറിഞ്ഞത്. എന്നാൽ ഈ സ്‌കൂളിന്റെ ഒരു ഭാഗം മുഴുവൻ തകർന്ന നിലയിലാണ്. അവർ അതിൽപ്പെട്ടോ എന്നറിയില്ല'- അഷ്‌റഫ് പറഞ്ഞു.