Advertisment

പ്രചരണത്തിനായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചു. പരിശോധന നടത്തിയത് തമിഴ്‌നാട് അതിർത്തിയിലെ താളൂരിൽ വന്നിറങ്ങിയ ഹെലികോപ്റ്ററിൽ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ളൈയിങ്ങ് സ്ക്വാഡ് പരിശോധനക്ക് എതിരെ വ്യാപക വിമർശനം. ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനേയും നിയന്ത്രണത്തിൽ ആക്കിയെന്ന് എം.എം.ഹസൻ. ബിജെപി നേതാക്കൾ കഴിഞ്ഞ കാലങ്ങളിൽ കള്ളപ്പണം കടത്തിയതിന്റെ ഓർമ്മയിലായിരിക്കാം ഇത്തരം പരിശോധനകളെന്നും ഹസൻെറ  പരിഹാസം

കോൺഗ്രസിൻെറ ദേശിയ നേതാവായ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റ‍ർ പരിശോധിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ രൂക്ഷമായ വിമ‍ർ‍ശനമാണ് ഉയരുന്നത്.കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസനാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ ഏറ്റവും ശക്തമായി വിമർശിച്ച് രംഗത്തെത്തിയത്.

New Update
rahul gandhi mm hassan

വയനാട്: കോൺഗ്രസ് നേതാവും വയനാട് ലോകസഭാ മണ്ഡലത്തിലെ സ്ഥാനാ‍ർത്ഥിയുമായ രാഹുൽ ഗാന്ധി എത്തിയ ഹെലികോപ്റ്റ‍റിൽ പരിശോധന നടത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. വയനാട്ടിലെ പ്രചാരണ പരിപാടികൾക്കായി തമിഴ്‌നാട് അതിർത്തിയിലെ താളൂരിൽ രാഹുൽ ഗാന്ധിയുമായി ഇറങ്ങിയ ഹെലികോപ്റ്ററാണ്  ഫ്ലൈയിങ് സ്ക്വാഡ്  പരിശോധിച്ചത്.

Advertisment

കോൺഗ്രസിൻെറ ദേശിയ നേതാവായ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റ‍ർ പരിശോധിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ രൂക്ഷമായ വിമ‍ർ‍ശനമാണ് ഉയരുന്നത്.കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസനാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ ഏറ്റവും ശക്തമായി വിമർശിച്ച് രംഗത്തെത്തിയത്.


ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനേയും നിയന്ത്രണത്തിൽ ആക്കിയെന്ന് എം.എം.ഹസൻ ആരോപിച്ചു.ബി ജെ പി നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കുന്നില്ല. കോൺഗ്രസിന്റെ വിശ്വാസ്യത തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഹസ്സൻ പറഞ്ഞു. ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും സഞ്ചരിക്കുന്ന വാഹനങ്ങൾ പരിശോധിക്കുന്നില്ല. ബിജെപി നേതാക്കൾ കഴിഞ്ഞ കാലങ്ങളിൽ കള്ളപ്പണം കടത്തിയതിന്റെ ഓർമ്മയിലായിരിക്കാം ഇത്തരം പരിശോധനകൾ എന്നും എം.എം ഹസൻ പരിഹസിച്ചു.


തിരഞ്ഞെടുപ്പ് കാലത്തെ കളളപ്പണ കൈമാറ്റം നീരിക്ഷിക്കുന്നതിനും തടയുന്നതിനും വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാപകമായി വാഹന പരിശോധന നടത്തുന്നത്. വാഹനങ്ങളിലെ യാത്രയ്ക്കിടയിൽ അൻപതിനായിരം രൂപയ്ക്ക് മുകളിലുളള പണം കൈവശം വെയ്ക്കുന്നവ‍ർ പണത്തിൻെറ ഉറവിടം ബോധ്യപ്പെടുത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻെറ ഉത്തരവ്.

എന്നാൽ പ്രചരണത്തിനെത്തുന്ന ഉന്നത നേതാക്കളുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും വാഹനങ്ങളും പരിശോധനകളിൽ നിന്ന് ഒഴിവാക്കുന്നതാണ് പരെക്കയുളള കീഴ്വഴക്കം.അതിന് വിരുദ്ധമായ നടപടിയാണ് താളൂരിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റ‍‍ർ പരിശോധന.ജനാധിപത്യ സമൂഹത്തിൽ പുല‍ർത്തേണ്ട മര്യാദയുടെയും മാന്യതയുടെയും ലംഘനമാണിതെന്നാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന വിമർശനം.


കേരളത്തിലെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയ ദിവസമാണ്. മോദിയുടെ വിമാനമോ വാഹനമോ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് ധൈര്യമുണ്ടോ എന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായാണ് പ്രവ‍ർത്തിക്കുന്നത് എന്നതിൻെറ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് രാഹുൽഗാന്ധിയുടെ ഹെലികോപ്റ്റ‍‍ർ പരിശോധനയെന്നും കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നു.


തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കോൺഗ്രസ് ഉൾപ്പെടെയുളള രാജ്യത്തെ പ്രതിപക്ഷ പാർ‍ട്ടികളുടെ അക്കൗണ്ട് മരവിച്ചതും ആദായ നികുതി വകുപ്പിനെ കൊണ്ട് നോട്ടീസ് അയപ്പിക്കുകയും ചെയ്ത ബി.ജെ.പിയിൽ നിന്ന് ഇതിനും അപ്പുറം പ്രതീക്ഷിക്കണമെന്നാണ് നേതാക്കളുടെ പരിഹാസം.

കർശനമായ പരിശോധനയും നിരീക്ഷണവും തുടരുമ്പോൾ തന്നെ ബി.ജെ.പി യഥേഷ്ടം പണം ചെലവഴിക്കുകയാണ്. മറ്റൊരു രാഷ്ട്രീയ പാർട്ടികൾക്കും കഴിയാത്തപോലെയുളള ആഡംബര പ്രചരണം നടത്താൻ ബി.ജെ.പിക്ക് എവിടെ നിന്ന് പണം ലഭിക്കുന്നുവെന്ന ചോദ്യവും കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്.


അനുവദനീയമായ ചെലവിനപ്പുറം കടന്നുളള പണം ചെലവാക്കൾ പ്രകടമായിട്ടും ബി.ജെ.പി നേതാക്കളുടെ വാഹനങ്ങളൊന്നും പരിശോധിച്ചതായി വാ‍ർത്തയില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കോൺഗ്രസ്, രാഹുൽ ഗാന്ധി അടക്കമുളള നേതാക്കളുടെ യാത്രക്കും പരിപാടികൾക്കും വേണ്ടി പണമില്ലാതെ വിഷമിക്കുകയാണ്.


ജനങ്ങളിൽ നിന്ന് പണം പിരിച്ച് പ്രചരണ ചെലവുകൾ നടത്താനാണ് എ.ഐ.സി.സിയുടെ ആഹ്വാനം. ഇതനുസരിച്ച് കേരളത്തിലെ മണ്ഡലങ്ങളിൽ അടക്കം ബക്കറ്റ് പിരിവിലൂടെ പണം സമാഹരിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളിലും സംസ്ഥാനത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന തുടരുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അറിയിപ്പ്.

സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍ക്കും ഫ്‌ളയിങ് സ്‌ക്വാഡുകള്‍ക്കുമൊപ്പം ഓരോ ജില്ലക്കും ചെലവ് നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ എല്ലാ അന്തര്‍ സംസ്ഥാന അതിര്‍ത്തി പാതകളിലും സി.സി.ടി.വി സ്ഥാപിക്കുകയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് തത്സമയ നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്.


ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻെറ അറിയിപ്പ്.ഇതിൽ 6.67 കോടി പണമായി പിടികൂടിയത്.


ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഈ മാസം 03 വരെയുള്ള കണക്കാണിത്.തിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, മറ്റ് ലഹരി വസ്തുക്കള്‍, സ്വര്‍ണമടക്കമുള്ള അമൂല്യലോഹങ്ങള്‍, സൗജന്യവിതരണത്തിനുള്ള വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

സംസ്ഥാന പൊലീസ്, ആദായനികുതി വകുപ്പ്, എക്‌സൈസ് വകുപ്പ്, എസ്.ജി.എസ്.ടി വിഭാഗം, ഡയറക്ടേറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, മറ്റ് ഏജന്‍സികള്‍ എന്നിവ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വസ്തുക്കള്‍ പിടിച്ചെടുത്തത്.

Advertisment