വയനാട്: രാഹുല്‍ ഗാന്ധി ഒഴിയുന്ന വയനാട്ടില്‍ മല്‍സരിക്കാന്‍ പ്രിയങ്കാ ഗാന്ധി തയ്യാറായില്ലെങ്കില്‍ പിന്നെയാര് ? എന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമായി. രാഹുല്‍ ഗാന്ധിക്ക് മണ്ഡലത്തില്‍ ലഭിച്ച ഉയര്‍ന്ന ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെങ്കിലും നിലവിലെ വിജയത്തിന്‍റെ ശോഭ കെടുത്താതെയുള്ള ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.
കെ മുരളീധരന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വയനാട് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. പക്ഷേ മുരളീധരന്‍ ഉടനൊരു മല്‍സരത്തിനുകൂടി തയ്യാറല്ല, പ്രത്യേകിച്ച് ലോക്സഭയിലേയ്ക്ക്. അങ്ങനെവന്നാല്‍ വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കുതന്നെ നറുക്ക് വീഴാനാണ് സാധ്യത.
മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ്, മുന്‍ മന്ത്രി പികെ ജയലക്ഷ്മി, കെപിസിസി സെക്രട്ടറി നൗഷാദ് അലി, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയ പേരുകളാണ് ചര്‍ച്ചയില്‍.
എന്നാല്‍ വയനാടിനോട് ചേര്‍ന്നു കിടക്കുന്ന മലപ്പുറം, പൊന്നാനി, വടകര മണ്ഡലങ്ങളിലെല്ലാം ഒരേ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള എംപിമാരാണെന്നതിനാല്‍ വയനാട്ടിലേയ്ക്ക് അതേ വിഭാഗത്തില്‍ നിന്നും വീണ്ടുമൊരാളെ പരീക്ഷിക്കാനിടയില്ല. അങ്ങനെയെങ്കില്‍ ഷൗക്കത്തിന്‍റെയും നൗഷാദിന്‍റെയും സാധ്യത മങ്ങും.
വയനാട് പ്രധാന പരിഗണന ലഭിക്കാനിടയുള്ള ഒരു പേര് മുന്‍ കെഎസ്‌യു അധ്യക്ഷന്‍ കൂടിയായ വിഎസ് ജോയിയുടേതാണ്. സമകാലികരായ പലരും പരിഗണിക്കപ്പെട്ടപ്പോഴും പാര്‍ലമെന്‍ററി രംഗത്തും സംഘടനാ രംഗത്തും പതിവായി തഴയപ്പെട്ട പേരാണ് ജോയിയുടേത്. കോഴിക്കോട്, മലപ്പുറം, വയനാട് മേഖലകളില്‍ കോണ്‍ഗ്രസില്‍ നിന്നും പാര്‍ലമെന്‍ററി രംഗത്ത് ക്രൈസ്തവ പ്രാതിനിധ്യം ഇല്ലെന്നതും ജോയിക്ക് തുണയാകും.
അതേസമയം കേരളത്തില്‍ നിന്ന് വനിതാ പ്രാതിനിധ്യം ഇല്ലെന്നത് മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്ക് അനുകൂലമാകും. ആദിവാസി സമൂഹത്തില്‍ നിന്നുള്ള നേതാവെന്നതും ജയലക്ഷ്മിക്ക് അനുകൂല ഘടകമാണ്.
ഇതിനിടെ വയനാട് മല്‍സരിക്കാന്‍ പ്രിയങ്കാ ഗാന്ധിക്കുമേല്‍ സമ്മര്‍ദമുണ്ട്. സംസ്ഥാനത്ത് 2026 -ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രിയങ്കയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.