ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു

New Update
stebin.jpg

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവത്തിൽ ചികിത്സയിൽ ഗുരുതര പിഴവെന്ന് ആരോപണം. കൽപ്പറ്റയിലെ ഫാത്തിമ മാതാ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ മരിച്ച സ്റ്റെബിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് അടക്കം ചെയ്ത് നാല് ദിവസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചത്.

ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം മൂലം സ്റ്റെബിൻ മരിച്ചുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ചികിത്സയിൽ ഉണ്ടായ ഡോക്ടറുടെ പിഴവാണ് മരണകാരണമെന്നും ആശുപത്രി അധികൃതരെ സമീപിച്ചപ്പോൾ നിഷേധാത്മകമായ സമീപനമാണ് ഉണ്ടായതെന്നും ബന്ധുക്കൾ പറയുന്നു. സംഭവ സമയം ബന്ധുക്കൾക്ക് പരാതി ഇല്ലാതിരുന്നതിനാൽ പോസ്റ്റുമോർട്ടം ചെയ്യാതെയാണ് അന്ന് മൃതദേഹം അടക്കം ചെയ്തത്.

വൈത്തിരി തഹസിൽദാർ ആർഎസ് സജിയുടെ സാന്നിധ്യത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നുള്ള അസിസ്റ്റന്റ് പോലീസ് സർജന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവി, കളക്ടർ, ഡി എം ഓ, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതി നൽകി.

കഴിഞ്ഞ ഡിസംബർ ഒന്നിനായിരുന്നു മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി പുൽപ്പള്ളി ശശിമല സ്വദേശി സ്റ്റെബിൻ കൽപ്പറ്റ ഫാത്തിമ മാതാ ആശുപത്രിയിലെത്തിയത്. ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റുന്നതിന് മുൻപ് തന്റെ ഉറ്റ സുഹൃത്തുക്കൾക്ക് ആശുപത്രിയിലെത്തി, പോയിട്ട് വരാം എന്ന് സ്റ്റെബിന്‍ സന്ദേശം അയച്ചിരുന്നു.

Advertisment