ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഈ മാസം 20 മുതൽ

New Update
Photo- Global Livestock Conclave

വയനാട്: കന്നുകാലി, മൃഗ സംരക്ഷണ മേഖലയിലെ സമഗ്ര വികസനവും ക്ഷീര കർഷകരുടെ ഉൽപാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഈ മാസം 20 മുതൽ പൂക്കോട് കേരള വെറ്റിനറി സർവകലാശാലയിൽ ആരംഭിക്കും. 

Advertisment

കോൺക്ലേവിന്റെ ഉദ്ഘാടനം 21ന് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. 


ടി സിദ്ധിഖ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സർവകലാശാല ഭരണസമിതി അംഗങ്ങളായ കെ എം സച്ചിൻദേവ് എംഎൽഎ, ഇ കെ വിജയൻ എംഎൽഎ എന്നിവർ മുഖ്യാഥിതികളാകും.

കന്നുകാലി, മൃഗ പരിപാലന രംഗത്തെ സമഗ്ര വളർച്ച ലക്ഷ്യമിട്ടാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. 

കോൺക്ലേവിന്റെ ഭാഗമായി വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിങ്, അക്വഫാമിങ്, പോൾട്രി, അഗ്രിക്കൾച്ചർ എന്നിവയുടെ സ്റ്റാളുകളാണ് ഒരുക്കുന്നത്. 

പക്ഷിമൃഗാദികളുടെ ലൈവ് പ്രദർശനവും വിവിധ എക്സ്പോകളും നടത്തുന്നുണ്ട്.


മൃഗ സംരക്ഷണ വകുപ്പിനു കീഴിലുള്ള വിവിധ ഏജൻസികളുടെയും സർക്കാർ ഇതര സ്ഥാപനങ്ങളുടെയും പ്രദർശന സ്റ്റാളുകൾ ഉണ്ടാകും.  


കന്നുകാലി, ക്ഷീര കാർഷിക മേഖലയുടെ സാധ്യതകൾ, വെല്ലുവിളികൾ, ജനവാസമേഖലയിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവി ആക്രമണം തടയുന്നതിനുള്ള സാധ്യതകൾ, ക്ഷീര കാർഷിക മേഖലയിലുൾപ്പടെയുള്ള സംരംഭകത്വ ശാക്തീകരണം, സമുദ്ര മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ സെമിനാറുകൾ നയിക്കും.

പാൽ, പാലുൽപന്നങ്ങൾ, മുട്ട, മാംസം തുടങ്ങിയ മൂല്യ വർധിത വസ്തുക്കളുടെ ഉൽപാദനക്ഷമതയും വികാസവും ഉറപ്പുവരുത്തുക, കന്നുകാലി- മൃഗ പരിപാലന മേഖലയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാൻ ആവിശ്യമായ സഹായങ്ങൾ നൽകുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക എന്നിവയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് സർവകലാശാല അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കർഷകർക്ക് കന്നുകാലി സംബന്ധമായ രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചുമുള്ള സംശയങ്ങൾക്കും പ്രതിവിധികൾക്കുമായി തത്സമയ കൺസൽട്ടൻസി സൗകര്യവും കോൺക്ലേവിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം. കോൺക്ലേവ് ഈ മാസം 29ന് സമാപിക്കും.

Advertisment