/sathyam/media/media_files/2PP2p278llIqpV72YVAp.jpg)
കൽപ്പറ്റ: രാജ്യം കേരളത്തിലേക്ക് ഉറ്റുനോക്കുന്നത് വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന്റെ വിശേഷങ്ങൾ അറിയാനാണ്. രാഹുൽ ഗാന്ധിയുടെ മത്സരമാണ് വയനാട് മണ്ഡലത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. രാഹുലിനെ നേരിടാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ബി.ജെ.പിയും ദേശീയ നേതാവ് ആനി രാജയെ സി.പി.ഐയും രംഗത്തിറക്കിയതോടെ താരപോരാട്ടം നടക്കുന്ന മണ്ഡലമായി വയനാട് മാറിയിരിക്കുകയാണ്.
യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയാണ് വയനാട്. വയനാട് ജില്ലയിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും ഉൾപ്പെട്ടതാണ് വയനാട് പാർലമെന്റ് മണ്ഡലം.
കഴിഞ്ഞ തവണ നാലരലക്ഷത്തോളം ഭൂരിപക്ഷത്തിൽ രാഹുൽ ജയിച്ചു കയറിയ മണ്ഡലം. ഇത്തവണയും ആരും അൽഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.
എന്നാൽ രാഹുലിനെതിരേ അതിരൂക്ഷമായ ആരോപണങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. വയനാട്ടിലെ ടൂറിസ്റ്റ് മാത്രമാണ് രാഹുൽ ഗാന്ധിയെന്ന് ബി.ജെ.പി ആരോപിക്കുന്നു. ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത ജനപ്രതിനിധിയാണ് രാഹുലെന്നും ടൂറിസ്റ്റ് വിസയിൽ മണ്ഡലത്തിലെത്തുന്നയാളാണെന്നും കെ.സുരേന്ദ്രൻ പരിഹസിക്കുന്നു.
രാഹുൽ വന്നതിലും അധികം കാട്ടാനകൾ വയനാട്ടിൽ ഇറങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. രാഹുൽ വരും, രണ്ട് പൊറോട്ട കഴിക്കും. ഇൻസ്റ്റയിൽ പോസ്റ്റിടും. പോകും. ഇതാണ് അദ്ദേഹം വയനാട് മണ്ഡലത്തിൽ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം.
ഒരു ടൂറിസം പദ്ധതിപോലും കൊണ്ടുവരാൻ കഴിഞ്ഞില്ല. ആസ്പിരേഷണൽ ജില്ലകളിൽപ്പെടുത്തി വയനാടിന്റെ സമഗ്രവികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചിട്ടും ഇവിടുത്തെ എം.പിയായ രാഹുൽ സഹകരിച്ചില്ല. ഒരു യോഗത്തിൽ പോലും പങ്കെടുക്കാൻ സാധിച്ചില്ല- സുരേന്ദ്രൻ കുറ്റപ്പെടുത്തി.
വയനാട്ടിലെ പോരാട്ടം ദേശീയ ശ്രദ്ധ നേടാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഇന്ത്യാ മുന്നണിയിലെ രണ്ട് പ്രമുഖ കക്ഷികൾ പരസ്പരം ഏറ്റുമുട്ടുന്നതും വയനാട്ടിലാണ്. കോൺഗ്രസിന്റെ മുൻനിര നേതാവ് രാഹുൽ ഗാന്ധിയും മുന്നണിയിൽ കോൺഗ്രസിന്റെ ചങ്ങാതിയായ സി.പി.ഐയുടെ ദേശീയ മുഖം ആനി രാജയും. രണ്ട് കക്ഷികളും കൈകോർത്താണ് ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും ബി.ജെ.പിയെ എതിരിടുന്നത്.
തമിഴ്നാട്ടിൽ പോലും ഇവർ ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. അതിർത്തിക്കിപ്പുറം ഗുസ്തി, അതിർത്തി കടന്നാൽ ദോസ്തി എന്ന മുദ്രാവാക്യവുമായാണ് ഈ അടവുനയത്തെ ബി.ജെ.പി ചോദ്യംചെയ്യുന്നത്. സുരേന്ദ്രനെതിരെ കോഴ ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും എൻ.ഡി.എയുടെ ഘടക കക്ഷിയായ റിപ്പബ്ളിക്ക് പാർട്ടിയുടെ (ആർ.പി.ഐ) ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാനും മത്സര രംഗത്തുണ്ട്.
വയനാടുമായി വൈകാരികമായ ഹൃദയബന്ധമുണ്ടെന്നും ഓരോ പഞ്ചായത്തിലും തന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്നും രാഹുൽഗാന്ധി പറയുന്നു. തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് ഭൂരിപക്ഷം കിട്ടും. അധികാരത്തിൽ വരികയും ചെയ്യും.
ഭരണമില്ലാത്തതിന്റെ പരിമിതിക്ക് ഇതോടെ പരിഹാരമാകും. വയനാട് മെഡിക്കൽ കോളേജ്, റെയിൽവെ,ബദൽ റോഡ്,വന്യമൃഗശല്യം, കാർഷിക പ്രശ്നങ്ങൾ ഇവയ്ക്കെല്ലാം പരിഹാരം ഉണ്ടാക്കും. ഭാരത് ജോഡോ യാത്രക്കിടെയായിരുന്നു വയനാട്ടിൽ വന്യമൃഗ ആക്രമങ്ങളും ദുരന്തങ്ങളും ഉണ്ടായത്. വിവരം അറിഞ്ഞയുടൻ യാത്ര നിർത്തിവച്ച് ഞാൻ ഓടിയെത്തി. വയനാട്ടിലെ ജനങ്ങളുമായി എനിക്ക് അത്രക്ക് ബന്ധമുണ്ട്.അത് ആർക്കും തകർക്കാനാവില്ല- രാഹുൽ പറയുന്നു.
എതിരാളികൾ ആരെല്ലാമെന്ന് നോക്കിയല്ല ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജ പറഞ്ഞു. വയനാട് മണ്ഡലത്തിൽ ഇടത് മുന്നണി ജയിക്കും. പ്രചാരണത്തിൽ വളരെ മുന്നിലാണ്. അനുകൂല സാഹചര്യമാണെങ്ങും.
വോട്ടർമാരിൽ വിശ്വാസമുണ്ട്. അഞ്ച് വർഷക്കാലം രാഹുൽഗാന്ധി വയനാട്ടിൽ പൂർണ്ണ പരാജയമായിരുന്നു.മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ല. ജനങ്ങളെ തിരിഞ്ഞ് നോക്കിയില്ല. നിലമ്പൂർ നഞ്ചൻകോട് റെയിൽപ്പാത, രാത്രികാല യാത്രാ നിരോധനം, ചുരം ബദൽപ്പാതകൾ, തുരങ്കപ്പാത, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, വന്യമൃഗ ശല്യം ഇങ്ങനെ ജനങ്ങൾ നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഇതൊന്നും പരിഹരിക്കാൻ രാഹുൽഗാന്ധിക്ക് ആയില്ല- ആനിരാജ പറഞ്ഞു.
രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്കെതിരെ നിൽക്കുന്ന രാഹുൽഗാന്ധിയുടെ വികസന വിരുദ്ധ നയങ്ങൾ തുറന്ന് കാണിക്കാൻ വയനാട് മണ്ഡലത്തിൽ താൻ ശ്രമിക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
മോദിയുടെ ഗാരന്റി ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.മോദിയിലാണ് ജനങ്ങളുടെ മുഴുവൻ പ്രതീക്ഷയും. എന്നാൽ വികസന പ്രവർത്തനങ്ങളെ ചെറുതാക്കി കാണാനും കളിയാക്കാനുമാണ് രാഹുൽഗാന്ധി സമയം കണ്ടെത്തുന്നത്.
ഇന്ത്യാ മുന്നണിയിലെ രണ്ട് പേരാണ് വയനാട്ടിൽ പരസ്പരം മത്സരിക്കുന്നത്.എന്തൊരു വിരോധാഭാസമാണിത്. പരസ്പരം ഇവരെന്തിന് മത്സരിക്കണം. അമേഠിയിൽ രാഹുൽഗാന്ധിക്ക് ഉണ്ടായ അനുഭവം വയനാട്ടിൽ ഇത്തവണ ഉണ്ടാകും- സുരേന്ദ്രൻ പറഞ്ഞു.