ജീവിതം വഴിമുട്ടി.... ലാറ്റക്സ് ഫാക്ടറിക്കെതിരെ സമരം നടത്തി നാട്ടുകാര്‍

New Update
efaa463a-9a55-4c74-8343-d2c2eeebe1b6

കടുത്തുരുത്തി: ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് ലാറ്റക്സ് ഫാക്ടറിക്കെതിരെ സമരം നടത്തി നാട്ടുകാര്‍. കടുത്തുരുത്തി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നീരാക്കല്‍ ലാറ്റക്സ് ഫാക്ടറിക്കെതിരെ കിലോമീറ്ററുകള്‍ പദയാത്രയായെത്തിയ നാട്ടുകാര്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണാസമരം നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പെടെ ആയിരകണക്കിനാളുകള്‍ ശുദ്ധവായു, ശുദ്ധജലം, പരിസ്ഥിതി അവകാശ സംരക്ഷണ പദയാത്രയിലും ധര്‍ണാസമരത്തിലും പങ്കെടുത്തു. 

Advertisment

പദയാത്രയുടെ സമാപനത്തിനെ തുടര്‍ന്ന് കടുത്തുരുത്തി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണാസമരം പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. ദിലീപ് കൈതല്ലൂര്‍, സി.ജെ. തങ്കച്ചന്‍, ജോര്‍ജ് മുല്ലക്കര എന്നിവര്‍ പ്രസംഗിച്ചു. രാവിലെ മുട്ടുചിറ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പദയാത്ര എന്‍എപിഎം സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ അനീഷ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. അഡ്വ റോയി ജോര്‍ജ്, പീറ്റര്‍ മ്യാലിപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.   

ഫാക്ടറിയുടെ മലിനീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രദേശവാസികളെ സ്വന്തം സ്ഥലത്ത് ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപെട്ടാണ് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പദയാത്ര സംഘടിപ്പിച്ചത്. ഫാക്ടറിയുടെ മലിനീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ മുമ്പ് പലതവണ പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. നാട്ടുകാരുടെ നേതൃത്വത്തില്‍ പരിസിഥിതി, സംരക്ഷണ സമിതി രൂപീകരിച്ചാണ് ഇപ്പോള്‍ ഫാക്ടറിയുടെ മലിനീകരണ പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഫാക്ടറിയില്‍ നിന്നുള്ള മലിനജലവും ആസിഡ് കലര്‍ന്ന ജലവു തോട്ടിലേക്കും പുരിയിടങ്ങളിലേക്കും ഒഴുക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. 

പുരയിടത്തില്‍ കെട്ടി നിര്‍ത്തുന്നതും പുറത്തേക്ക് ഒഴുക്കി വിടുന്നതുമായ മലിനജലം മൂലം സമീപപ്രദേശങ്ങളിലെ കിണറുകള്‍ ഉള്‍പെടെയുള്ള ജലസ്രോതസ്സുകള്‍ മലിനമാകുന്നതായും ഈ വെള്ളം കാലങ്ങളായി ഉപയോഗിച്ചു പ്രദേശവാസികളായവര്‍ പലരും രോഗികളായെന്നും നാട്ടുകാര്‍ പറയുന്നു. ഇതുമൂലം പ്രദേശത്ത് താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നാട്ടുകാര്‍ക്കുള്ളതെന്നും ഇതോടെയാണ് സമിതി രൂപീകരിച്ചു നാട്ടുകാര്‍ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. 

പഞ്ചായത്തിന് ഫാക്ടറിയുടെ പ്രവര്‍ത്തനം സംബന്ധിച്ചു മലിനീകരണ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ബോധ്യപെട്ടതായും പ്രവര്‍ത്തന ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്നും ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത പറഞ്ഞിരുന്നു. എന്നാല്‍ ഫാക്ടറി ഉടമകള്‍ കേസും നിയമനടപടികളുമായി പോയിരിക്കുകയണെന്നും പഞ്ചായത്തിന് ഇക്കാര്യത്തില്‍ ഇനിയൊന്നും ചെയ്യാനില്ലെന്നും പ്രസിഡന്റ് പറഞ്ഞു. 

Advertisment