പാമ്പാടി: ഭര്‍ത്താവുമൊത്ത് നടന്നു പോവുകയായിരുന്ന ലോട്ടറി വില്‍പനക്കാരി കാറിടിച്ച് മരിച്ചു. സൗത്ത് പാമ്പാടി കുറ്റിക്കല്‍ ജങഷനില്‍ ഇന്നു രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. കൂരോപ്പട പങ്ങട പൗവ്വത്ത് താഴത്തുമുറി വീട്ടില്‍ രവീന്ദ്രന്റെ ഭാര്യ ഓമന രവീന്ദ്രന്‍ (56)ആണു മരിച്ചത്.
പാമ്പാടി കറുകച്ചാല്‍ റോഡില്‍, കുറ്റിക്കല്‍ ജങ്ഷനിലൂടെ നടന്നു ലോട്ടറി വില്പന നടത്തി വരവെ, കറുകച്ചാല്‍ ഭാഗത്തേക്ക് പോകുകയിരുന്ന കാര്‍ പിന്നിലൂടെ അമിത വേഗതയില്‍ എത്തി ഓമനയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഓമന വൈദ്യുതി പോസ്റ്റിലിടിച്ച ശേഷമാണു വീണതെന്നു നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ കാറിലുണ്ടായിരുന്നവര്‍ പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ കാറിന്റെ മുന്‍ ഗ്ലാസും, ഹെഡ് ലൈറ്റും തകര്‍ന്നു. പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഭര്‍ത്താവ് രവീന്ദ്രന്‍ (ഓമനക്കുട്ടന്‍) ലോട്ടറി തൊഴിലാളി. മക്കള്‍: അനു (ജനസേവന കേന്ദ്രം പുളിമൂട് ചെന്നാമറ്റം), അഞ്ജലി (ഇറ്റലി)