കോഴിക്കോട്: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ - കർഷക ദ്രോഹ, ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി ആഹ്വാനം ചെയ്ത ജൂലൈ 9 ലെ ദേശീയ പൊതുപണിമുടക്ക് വൻ വിജയമാക്കണമെന്ന് സംസ്ഥാനത്തെ മുഴവൻ തൊഴിലാളികളോടും പൊതു ജനങ്ങളോടും എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ എം റഹ്മത്തുള്ള,ജന സെക്രട്ടറി കെ.പി മുഹമ്മദ് അഷ്റഫ് എന്നിവർ അഭ്യർത്ഥിച്ചു.
രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വേണ്ടി കൊണ്ടുവന്ന നാല് ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ നിയങ്ങൾ പിൻവലിക്കുക, റെയിവെ, റോഡ്, ഖനനം, തുറമുഖം, എയർപോർട്ടുകൾ, പ്രതിരോധമേഖല, വൈദ്യുതി, പോസ്റ്റൽ, ടെലികോം, ബാങ്ക്, ഇൻഷൂറൻസ് തുടങ്ങിയവയുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക,നിശ്ചിതകാല തൊഴിൽ സമ്പ്രദായം പിൻവലിക്കുക, സ്റ്റാറ്റൂറ്ററി പെൻഷൻ സ്കീം പുനർസ്ഥാപിക്കുക, അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും സോഷ്യൽ സെക്യൂരിറ്റി സ്കീം നടപ്പാക്കുക, ആശ - അംഗണവാടി - ഉച്ചഭക്ഷണ തൊഴിലാളികളെ തൊഴിലാളി കാറ്ററിയിൽ ഉൾപ്പെടുത്തി സേവന വേതന വ്യവസ്ഥകൾ പരിഷ്‌ക്കരിക്കുക,വിലക്കയറ്റം തടയുക തുടങ്ങിയ 17 സുപ്രധാന ആവശ്യങ്ങൾക്ക് പുറമെ കേരളത്തിൽ യു.ഡി.ടി.എഫ് നേതൃത്വത്തിൽ കേരള സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾ കൂടി പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് പൊതുപണിമുടക്ക് നടത്തുന്നത്.
രാജ്യത്തെ സംഘടിത - അസംഘടിത - സ്കീം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ മാത്രമല്ല, കർഷകരെയും ചെറുകിട വ്യാപാരികളെയൂം മറ്റു പിന്നോക്ക ജനവിഭാഗങ്ങളെയൂം ബാധിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് ഈ പണിമുടക്ക്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി യൂണിയനുകൾ നടത്തി വരുന്ന ശക്തമായ സമരങ്ങളുടെ ഭാഗമാണ് പണിമുടക്ക്.
സംസ്ഥാനത്തെ സംഘടിത - അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളും പണിമുടക്കിയും പൊതുജനങ്ങൾ യാത്രകൾ ഒഴിവാക്കിയും വ്യാപാര സ്ഥാപനങ്ങൾ അടച്ചും ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ബുധനാഴ്ച അർദ്ധരാത്രി വരെ നടക്കുന്ന പണിമുടക്കിൽ പങ്കാളികളാകാൻ മുഴുവൻ തൊഴിലാളികളോടും, പണിമുടക്കിനെ പിന്തുണയ്ക്കാൻ ബഹുജനങ്ങളോടും ഇരുവരും അഭ്യർത്ഥിച്ചു.