പരപ്പനങ്ങാടി: കൊലപാതക കേസിലെ പ്രതി മോഷണക്കേസിൽ പിടിയിൽ. ഫറോക്ക് ചുങ്കം സ്വദേശിയും പള്ളിക്കൽ ബസാറിൽ താമസക്കാരനുമായ ആഷിക് എന്ന പോത്ത് ആഷിക്കിനെയാണ് (23) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 20ന് പരപ്പനങ്ങാടി അപ്പൂസ് ഡ്രൈവിങ് സ്കൂളിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൊലപാതക കേസിലെ പ്രതിയിലെത്തിയത്.
ഡ്രൈവിങ് സ്കൂളിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർച്ച നടത്തിയ അബ്ദുൽ റസാഖ് എന്ന ഒന്നാം പ്രതിയുടെ കൈയിൽ നിന്ന് പണം മോഷണം മുതൽ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇയാൾ കൈവശപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഒന്നാം പ്രതി അബ്ദുൽ റസാഖ് പിടിയിലായതോടെ രണ്ടാംപ്രതി ആഷിക് പൊലീസിന് പിടികൊടുക്കാതെ പല സ്ഥലങ്ങളിലായി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കറങ്ങി നടക്കുകയായിരുന്നു.
എന്നാൽ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ മഞ്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ 2012ൽ കൊലപാതക കേസും താനൂർ, കുറ്റിപ്പുറം, കൊണ്ടോട്ടി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ വ്യത്യസ്ത മോഷണക്കേസുകളും നിലവിലുണ്ട്.