പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ഓണക്കോടിയുമായി ക്ഷേത്ര ഭാരവാഹികള്‍

New Update
2

മലപ്പുറം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഓണക്കോടിയും ഓണാശംസകളുമായി  ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ  തെക്കിനിയേടത്ത്  തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികള്‍ ഉത്രാടം നാളില്‍  പാണക്കാട്ടെത്തി. തങ്ങള്‍ക്ക് ഓണക്കോടിയും പാലട പ്രഥമനും ശര്‍ക്കര വരട്ടിയും ഉണ്ണിയപ്പവുമായാണ് സംഘം എത്തിയത്. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് ഓണമായി നാം ഒരുമിച്ച്  ആഘോഷിക്കുന്നതെന്ന് തന്ത്രി തങ്ങള്‍ക്ക് കൊടുത്തയച്ച ഓണസന്ദേശത്തില്‍  പറഞ്ഞു.

Advertisment

കാരക്ക മധുരം നല്‍കിയാണ് സാദിഖലി തങ്ങള്‍ സംഘത്തെ സ്വീകരിച്ചത്. മുതുവല്ലൂര്‍ ദുര്‍ഗാഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള ചടങ്ങില്‍ പാണക്കാട് സാദിഖലി തങ്ങള്‍ മുഖ്യാതിഥിയായി എത്തിയിരുന്നു. ഒരുമയുടെയും സൗഹൃദത്തിന്റെയും ഓണാഘോഷം ഈ കാലത്ത് ഏറെ പ്രസക്തമാണെന്ന് സാദിഖലി തങ്ങല്‍ പറഞ്ഞു. വിഭജിക്കല്‍ പ്രോത്സാഹിപ്പിക്കുന്ന കാലത്ത് ഇത്തരം ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് പകരേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
 
എല്ലാവര്‍ക്കും ഓണാശംസകളും തങ്ങള്‍ കൈമാറി. രാജ്യത്തിന് തന്നെ മാതൃകയായ മതേതരരത്വത്തിന് പേര് കേട്ട തറവാട്ടിലെത്തി ഓണപുടവ കൈമാറിയത് വലിയ സന്ദേശമാണെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ലോഹ്യ പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, അഡ്വ. മുഹമ്മദ് ഷാ, അഹമ്മദ് സാജു എന്നിവരും സംഘത്തെ സ്വീകരിക്കാനെത്തി.  ശങ്കരന്‍ നമ്പീശന്‍, തലയൂര്‍ ഇല്ലത്ത് വിനയരാജന്‍ മൂസത്,   ശിവദാസന്‍ കിഴക്കേപ്പാട്ട്,  മുതുവല്ലൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രം ഭാരവാഹികളായ ചന്ദ്രന്‍ പുല്ലുത്തൊടി, ശശി രാജന്‍, , കെ പി ഗോപിനാഥന്‍,  ബൈജു, കെ.പി. നൗഷാദ് അലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisment