പൊന്നാനി: കേരള മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന നവകേരള സദസ്സ് ആധുനിക ലോക രാഷ്ട്രീയത്തിൽ തന്നെ തുല്യതയില്ലാത്ത മഹാ സംഭവമാണെന്ന അവലോകനം വാർത്താശ്രദ്ധ നേടുന്നു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സംസ്ഥാനം മുഴുവൻ സഞ്ചരിക്കുകയും ലക്ഷക്കണക്കിന് പരാതികളും നിവേദനങ്ങളും സ്വീകരിക്കുകയും ചെയ്തുകൊണ്ടുള്ള യാത്രയും സദസ്സും കേരളത്തിലെ ഇടതുപക്ഷം ആധുനിക ലോകരാഷ്ട്രീയത്തിന് നൽകുന്ന മൗലികമായ സംഭവനയാണെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം ഖാസി കോയ നടത്തിയ വിലയിരുത്തലാണ് വിചാരശ്രദ്ധ നേടിയെടുത്തത്.
വികസന സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനും, പാവപ്പെട്ടവന്റെ കഷ്ടപ്പാട് ദുരിതങ്ങളും നേരിട്ട മനസ്സിലാക്കുന്നതിനും, കാർഷിക രംഗത്തും വ്യവസായരംഗത്തും വിദ്യാഭ്യാസരംഗത്തും കടലോര മേഖലയിലും ഭിന്നശേഷിക്കാർ ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ടവരുടെ കാര്യങ്ങളിലും വൻ പുരോഗതി ഉണ്ടാക്കുന്നതിനുംന് പിണറായിയുടെയും മന്ത്രിമാരുടെയും ആഴ്ചകൾ നീണ്ടതും ഒന്നിച്ചുള്ളതുമായ യാത്രയും സദസ്സുകളും വലിയ അളവിൽ സഹായകമായി എന്നത് വരും കാലങ്ങളിൽ വ്യക്തമാവുമെന്നും ഖാസിം കോയ അഭിപ്രായപ്പെട്ടു.
പ്രജകളുടെ ക്ഷേമം നേരിട്ട് മനസ്സിലാക്കാൻ വേഷപ്രച്ഛന്നനായി നാട്ടിൽ സഞ്ചരിച്ച ഖലീഫ ഉമർ ഫാറൂഖ് പോലെയുള്ള ഇസ്‌ലാമിക ഭരണകർത്താക്കൾ ആധുനിക രാഷ്ട്രീയ, ഭരണ സമ്പ്രദായം രൂപപ്പെടുന്നതിന് മുമ്പ് ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് യാഥാർഥ്യമാണ്. എന്നാൽ ഇന്നത്തെ ഭരണക്രമത്തിൽ എല്ലാ വകുപ്പുകളും കൈകാര്യം ചെയുന്ന മന്ത്രിമാർ നായകൻറെ കീഴിൽ നാടൊന്നാകെ യാത്ര ചെയുകയും ആളുകളെ വിളിച്ചുകൂട്ടി അവരുടെ പരാതികൾ സ്വീകരിക്കുന്നതും നവകേരള സദസ്സിന് മുമ്പ് കാണാൻ കഴിയില്ല - ഖാസിം കോയ ചൂണ്ടിക്കാട്ടി. അതിനാൽ ലോകരാജ്യങ്ങൾ ഭരിക്കുന്ന ഭരണകർത്താക്കൾക്ക് തന്നെ മാതൃകയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സ്.
വികസനത്തിലൂടെയും വിദ്യാഭ്യാസ രംഗത്തിലൂടെയും കേരളത്തിന്റെ യശസ്സു ഉയർത്തിക്കൊണ്ടുവന്ന മുഖ്യമന്ത്രിക്ക് കേരളത്തെ ഇനിയും ഒരുപാട് മുമ്പോട്ടു കൊണ്ടുപോകാൻ സാധിക്കും എന്നും അദ്ദേഹം പരാമർശിച്ചു.
വീഴ്ചകളും പോരായ്മകളും എന്തിനും ഉണ്ടാകാം. നവകേരള സദസ്സിനും ഉണ്ടാകാം. എന്നാൽ അതിന് പിന്നിലെ ആശയം അതുല്യവും മഹനീയവുമാണെന്ന് കണ്ടെത്തി അതിനെ പിന്തുണക്കുന്നതിന് പകരം കുറ്റങ്ങൾ പറഞ്ഞു നടക്കുന്നവർ സ്വന്തമായി എന്തൊരു ആശയമാണ് ആധുനിക രാഷ്ട്രീയത്തിന് സംഭാവന ചെയ്തിട്ടുള്ളതെന്നു ഖാസിം കോയ ചോദിച്ചു.
കേരളത്തിന്റെ വികസനത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള ഈ യാത്രയെ കേരള ജനത എല്ലാവിധത്തിലും പിന്തുണയ്ക്കുമെന്ന് ഉറപ്പാണെന്നും ഹജ്ജ് കമ്മിറ്റിയംഗം പ്രത്യാശിച്ചു.