പൊന്നാനി: ഹൃദയങ്ങളിൽ നിന്നുയർന്ന് ഏകകണ്ഠമായ് മുഴങ്ങിയ മുദ്രാവാക്യങ്ങൾ തിമർത്തു പെയ്ത മഴയെ നിഷ്പ്രഭമാക്കി. അന്നേരവും തീമഴ പെയ്യുകയായിരുന്ന ഫലസ്തീനിലെ മുനമ്പിൽ ആദർശം കൈമുതലാക്കി ലോകവൻശക്തികളോട് ജീവൻ കൊടുത്ത് പൊരുതുന്നവരോടുള്ള ഐക്യദാർഢ്യം തുലാമഴയിൽ ഒരേസമയം അർത്ഥഗർഭവും ജീവൻ തുടിക്കുന്നതുമായി.
ഗാസ മുനമ്പിൽ പോരാടുന്ന സ്വാതന്ത്ര്യ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പൊന്നാനിയിലെ മത, സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ പൊതുവേദിയായ "സമന്വയം" സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ ബഹുജനറാലി അധിനിവേശ ശക്തികൾക്കെതിരെയുള്ള പൊന്നാനിയുടെ ഉജ്ജ്വല പൈതൃകം ഒരിക്കൽ കൂടി ഉച്ചത്തിൽ മുഴക്കുന്നതായി.
വൻശക്തികളുടെ പിന്തുണയോടെ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ ഫലസ്തീനിലെ പൊരുതുന്ന സ്വാതന്ത്ര്യ പോരാളികൾക്കും ബൈത്തുൽ മുഖദ്ദസ് ഉൾപ്പെടെയുള്ള പവിത്ര കേന്ദ്രങ്ങൾക്കും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനും നൂറുകണക്കിന് പേർ അണിനിരന്ന റാലിയും വഴിയിലുടനീളം ആശംസ നേർന്ന കാണികളും പിന്തുണ പ്രഖ്യാപിച്ചു.
വൈകുന്നേരം നാല് മണിക്ക് ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച റാലി പൊന്നാനി അങ്ങാടി, കോടതിപ്പടി, ആശുപത്രി വഴി ബസ് സ്റ്റാൻഡിൽ സമാപിച്ചു.
ഉസ്താദ് മുഹമ്മദ് കാസിം കോയ, അബ്ദുൽ മജീദ് ഫൈസി, അബ്ദുറഹിമാൻ ഫാറൂഖി, സി വി അബുസാലിഹ്, സി വി അബ്ദുല്ലക്കുട്ടി, അഫ്സൽ റാഫി, പി വി അബ്ദുല്ലത്തീഫ് മുതലായവർ റാലിയ്ക്ക് നേതൃത്വം നൽകി. ബസ്റ്റാൻഡ് പരിസരത്ത് ചേർന്ന സമാപന സമ്മേളനത്തിൽ മുഹമ്മദ് കാസിം കോയ, അബ്ദുൽ മജീദ് ഫൈസി, അബ്ദുറഹ്മാൻ ഫാറൂഖി, സി വി അബൂസലിഹ് എന്നിവർ സംസാരിച്ചു.