/sathyam/media/media_files/2025/09/06/d9277e26-8618-462d-94f2-bae35fcb19ba-2025-09-06-16-37-15.jpg)
കോട്ടയം: സ്വന്തമായൊരു വീട് എന്ന സ്വപ്നം സഫലമാകുമെന്ന് ഉറപ്പായ ഇത്തവണത്തെ ഓണം വിഷ്ണുവിൻ്റെയും കുടുംബാംഗങ്ങളുടെയും ഓർമ്മയിൽ എന്നുമുണ്ടാകും.
ലൈഫ് പദ്ധതിയിൽ വീടുവയ്ക്കാനായി സംസ്ഥാന സർക്കാരിൻ്റെ മനസോടിത്തിരി മണ്ണ് പരിപാടിയിൽ ജന്റിൽമാൻ ചിട്സിന്റെ മാനേജിംഗ് ഡയറക്ടർ ,
തലയോലപ്പറമ്പ് സ്വദേശി ബാബു കേശവൻ സൗജന്യമായി നൽകിയ നാലു സെൻ്റ് സ്ഥലം വൈക്കം ഉദയനാപുരം ഓണത്തോടി വീട്ടിൽ വിഷ്ണുവിന് വിലപ്പെട്ട ഓണസമ്മാനമായി.
സഹകരണ- തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ വാസവൻ്റെ ഇടപെടലിലാണ് സ്ഥലം ലഭ്യമായത്. വിഷ്ണുവിന് സ്ഥലത്തിൻ്റെ ആധാരം മന്ത്രി കൈമാറി. സ്വന്തം പേരിൽ സ്ഥലമില്ലാത്തതിനാലാണ് ലൈഫ് പദ്ധതിയിൽ വിഷ്ണുവിൻ്റെ കുടുംബം ഉൾപ്പെടാതിരുന്നത്.
നിർധന കുടുംബത്തിൻ്റെ ഏക അത്താണിയായ വിഷ്ണുവിന് ഞരമ്പുകളിൽ രക്തം കട്ടപിടിച്ചു കാലിൻ്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് മന്ത്രിയെ കാണാൻ എത്തിയപ്പോഴാണ് വിഷ്ണുവിൻ്റെ സ്ഥിതി മനസിലാക്കി ചികിത്സയ്ക്കും വീടിന് സ്ഥലം കണ്ടെത്താനും അദ്ദേഹം ഇടപെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കുശേഷം വിഷ്ണു ഇപ്പോൾ വിശ്രമത്തിലാണ്.