മർകസ് 47-ാം വാർഷികവും സനദ് ദാന പൊതു സമ്മേളനവും ഞായറാഴ്ച നടക്കും

New Update
sanadhana

കോഴിക്കോട്: മർകസ് 47-ാം വാർഷികവും സനദ് ദാന പൊതു സമ്മേളനവും ഞായറാഴ്ച((16-02-25) കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കും. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ 50-ാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനവും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ ഖത്മുൽ ബുഖാരി ദർസും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 


Advertisment

എഡ്യൂ സിമ്പോസിയം, ഹദീസ് കോൺഫറൻസ്, മത്സ്യതൊഴിലാളി സംഗമം, എക്സ്പോ, പ്രാർഥന സദസ്സ്,  പ്രാസ്ഥാനിക സംഗമം  ഉൾപ്പെടയുള്ള അനുബന്ധ പരിപാടികൾക്ക് നാളെ (വെള്ളി) തുടക്കമാവും. തിങ്കളാഴ്ച രാവിലെ 6 ന് നടക്കുന്ന ഖത്മുൽ ബുഖാരി ആത്മീയ സംഗമത്തോടെ സമ്മേളന പരിപാടികൾ സമാപിക്കും.


നാളെ(വെള്ളി) രാവിലെ 9 ന് വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സിയാറത്തോടെ സമ്മേളന അനുബന്ധ പരിപാടികൾക്ക് തുടക്കമാവും. ഉച്ചക്ക് മത്സ്യ തൊഴിലാളി സംഗമവും വൈകുന്നേരം പതാക ഉയർത്തലും നടക്കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രാർഥന സദസ്സിൽ മർകസിന്റെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളും സ്നേഹജനങ്ങളും പങ്കെടുക്കും.

ഞായറാഴ്ച രാവിലെ 10 ന് 'പരിവർത്തന കാലത്തെ വിദ്യാഭ്യാസം' എന്ന പ്രമേയത്തിൽ എഡ്യു സിമ്പോസിയം ആരംഭിക്കും. സർവകലാശാല മേധാവികളും അക്കാദമിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംസാരിക്കും.  ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഹദീസ് കോൺഫറൻസിൽ ആധുനിക കാലത്തെ ഹദീസ് വായനകളെ കുറിച്ചുള്ള വിവിധ പഠനങ്ങൾ അവതരിപ്പിക്കും.


വൈകുന്നേരം 5 മണിക്ക് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ സനദ് ദാന പൊതുസമ്മേളനം ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിക്കും.


 കഴിഞ്ഞ വർഷം പഠനം പൂർത്തീകരിച്ച 509 സഖാഫി മത പണ്ഡിതർക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ഫൗണ്ടർ ചാൻസിലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് നൽകും. ശേഷം സനദ് ദാന പ്രഭാഷണവും 50-ാം വാർഷിക പ്രഖ്യാപനവും നടത്തും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണവും റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പദ്ധതി അവതരണവും നിർവഹിക്കും.

Advertisment