പാലാ: കടനാട് കാവുംകണ്ടം മരിയാ ഗോരേത്തി ഇടവക പള്ളിയുടെ പരിശുദ്ധ കന്യാമറിയത്തിന്റെ ഗ്രോട്ടോ തകര്‍ത്തവരെ ഉടന്‍ പിടികൂമെന്നു പാലാ ഡിവൈ.എസ്.പി കെ. സദന്‍. സംഭവ സ്ഥലം ഡിവൈ.എസ്.പി. സന്ദര്‍ശിച്ചു പരിശോധന നടത്തി.
ഡോഗ്‌സ്വകാഡ് ഫിങ്കര്‍പ്രിന്റ് വിദഗ്ധര്‍ എന്നിവരെത്തി വിശദമായി അന്വേഷണം നടത്തുമെന്നും ഡിവൈ.എസ്.പി അറിയിച്ചു. ഗ്രോട്ടോയുടെ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്ത നിലയിലാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു വരുകയാണ്.
കഴിഞ്ഞ രാത്രിയാണു ഗ്രോട്ടോ തകര്‍ത്തത്. രാവിലെയാണു സംഭവം ശ്രദ്ധയില്‍പ്പെട്ടതു തുടര്‍ന്നു പള്ളിവികാരിയുടെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റു ചെയ്യണമെന്നു ജോസ്.കെ.മാണി എം.പി ആവശ്യപ്പെട്ടു.
ജില്ലാ പോലീസ് മേധാവി, പാലാ ഡിവൈ.എസ്.പി എന്നിവരുമായി ബന്ധപ്പെട്ട അദ്ദേഹം പ്രതികളെ പിടികൂടുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും പള്ളിക്കു സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ചു.
കടനാട് പഞ്ചായത്തിലെ സമാധാന അന്തരീക്ഷം തര്‍ക്കാനുള്ള ശ്രമമാണു നടന്നിരിക്കുന്നത്. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ടെന്നും ഇടവകാംഗങ്ങള്‍ പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തി ഉടന്‍ നടപടിയെടുക്കണമെന്നും ഇടവകാംഗങ്ങള്‍ ആവശ്യപ്പെട്ടു.