മെഡി. കോളേജിലെ ഉപകരണങ്ങളുടെ ക്ഷാമം ഗുരുതരമായ വീഴ്ച: പ്രതിസന്ധി പരിഹരിച്ച് ആരോഗ്യ മന്ത്രി മാപ്പു പറയണം - വെൽഫെയർ പാർട്ടി

New Update
welfare party

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ അപര്യാപ്തതയെ സംബന്ധിച്ച് വലിയ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ആരോഗ്യ മന്ത്രി കേരളത്തോട് മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് തന്നെ ഗുരുതരമായ ആരോപണം ഉയർത്തിയ സാഹചര്യത്തിൽ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്താൻ ആരോഗ്യ മന്ത്രി നേരിട്ട് ഇടപെടണം. 

Advertisment

കേരളത്തിലെ സുപ്രധാനവും ഏറ്റവും കൂടുതൽ ആളുകൾ സമീപിക്കുന്നതുമായ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ദുരവസ്ഥയെ കുറിച്ച് അദ്ദേഹത്തിന് സാമൂഹ്യ മാധ്യമത്തിൽ എഴുതേണ്ടി വരുന്നത് ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയുടെ ആഴം ചൂണ്ടി കാണിക്കുന്നു. 

ആശുപത്രിയിലെ ഡോക്ടർമാർ തന്നെ സ്വന്തം നിലയ്ക്ക് ഉപകരണങ്ങൾ കണ്ടെത്താനും വാങ്ങാനും മുൻകൈയെടുക്കേണ്ടി വരുന്നത് ആരോഗ്യ മേഖലയോടുള്ള സർക്കാരിന്റെ നിസംഗതയുടെ കൂടി ഭാഗമാണ്. അടിയന്തരമായും സുപ്രധാനമായും നടക്കേണ്ട ശസ്ത്രക്രിയകൾ പോലും മാറ്റിവയ്ക്കാൻ നിർബന്ധിതരായ സാഹചര്യത്തെ കുറിച്ചാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ ആരോഗ്യ വകുപ്പ് തയ്യാറാകണം.

ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തിയിട്ടുള്ള പ്രതികരണം തികച്ചും നിരുത്തരവാദപരമാണ്. ഉപകരണങ്ങൾ ഇല്ലാത്തത് കേവലം സാങ്കേതികവും സ്വാഭാവികവും ആണെന്ന് വിശദീകരിച്ചു കൊണ്ടാണ് ആരോഗ്യമന്ത്രി പ്രശ്നത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നു. 

വകുപ്പ് മേധാവിയുടെ സാമൂഹ്യ മാധ്യമക്കുറിപ്പിനെ കേവല വൈകാരിക പ്രകടനം മാത്രമായി ലഘൂകരിച്ച് കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിലാണ് ആരോഗ്യവകുപ്പും ആശുപത്രി അധികൃതരും വിഷയത്തെ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നത്. വിഷയത്തിൽ ഉടൻ പരിഹാരം കണ്ടെത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി വെൽഫെയർ പാർട്ടി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment