`പൂരം ഇടി ' മാഹാത്മ്യവുമായി ചേറാടിക്കാവ് മീനപൂരം ഏപ്രില്‍ 10-ന്

New Update
pooram idi uthsavam

മരങ്ങാട്ടുപിള്ളി : മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത `പൂരം ഇടി' എന്ന വ്യത്യസ്ഥവും ആചാരപരവുമായ ചടങ്ങുമായി മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനപൂര മഹോത്സവം ഏപ്രില്‍ 9-ന് തുടങ്ങും.  അതി പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇവിടത്തെ പ്രധാന പ്രതിഷ്ഠ ഭദ്രകാളീ സങ്കല്പത്തിലുള്ള വനദുര്‍ഗ്ഗയാണ്.   

Advertisment

"വിളിച്ചാല്‍ വിളിപ്പുറത്ത് '' എന്ന് ഭക്തജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഭഗവതിയുടെ ഇഷ്ട വഴിപാടായ `കലം കരിക്കല്‍ ' പത്താം തിയതിയാണ്.  അരിയും ശര്‍ക്കരയും പുതിയ മണ്‍കലവുമായി വന്ന്, അതില്‍ ശര്‍ക്കര പായസവും വെള്ള ചോറും തയ്യാറാക്കി നിവേദ്യമായി സമര്‍പ്പിക്കുന്ന ഈ പ്രത്യേക  വഴിപാടിനായി വിദൂരങ്ങളില്‍ നിന്നു പോലും സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് ഭക്തര്‍ പതിവായി എത്താറുണ്ട്. 


തുടര്‍ന്ന് നട്ടുച്ച സമയത്ത് ശ്രീകോവിലിനു വെളിയില്‍ കളമൊരുക്കി നടത്തുന്ന `പൂരം ഇടി' ദര്‍ശിച്ചു പ്രസാദം ഏറ്റുവാങ്ങാന്‍ പുരുഷന്മാര്‍ക്കു മാത്രമാണ് അവസരം. ഇതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള അലങ്കരിച്ച കല്ലുരലില്‍ അരിപ്പൊടി, മഞ്ഞള്‍പൊടി, പാല്, കമുകിന്‍ പൂക്കുല തുടങ്ങിയവ സമര്‍പ്പിച്ച് ഇളനീര്‍ ഒഴിച്ച് പുതിയ പാലക്കമ്പില്‍ ചെത്തിയുണ്ടാക്കിയ ഉലക്ക കൊണ്ട് ഇടിച്ച് ഇളക്കി പൂജകള്‍ക്കുശേഷം കുരുത്തോല, അരിപ്പൊടി എന്നിവയില്‍ തയ്യാറാക്കി ഈര്‍ക്കിലി പന്തങ്ങള്‍ കുത്തിയ ഗുരുതി കളത്തിലേയ്ക്ക് മറിക്കുന്നതാണ് ചടങ്ങ്.

pooram idi uthsavam12

 തുടര്‍ന്ന് പ്രസാദ വിതരണവും നടക്കും. സ്ത്രീകള്‍ക്ക് ഈ സമയം ദര്‍ശനം അനുവദനീയമല്ല.  പിന്നീട്  നട അടച്ചാല്‍ അന്നേ ദിവസം ആരും  ക്ഷേത്രത്തില്‍ പ്രവേശിച്ചുകൂടാ എന്നാണ് വിശ്വാസം. വെെകിട്ട് ദീപാരാധനയും ഉണ്ടാവില്ല. ഇത് കാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന ആചാരമാണ്.

pooram idi uthsavam13


പതിനൊന്നിന്  ഉത്രം നാളില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. മുണ്ടക്കോടി ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കലശം ഉള്‍പ്പടെയുള്ള ചടങ്ങുകളും പാറപ്പനാല്‍ കൊട്ടാരത്തില്‍ നിന്നുള്ള താലപ്പൊലി രഥഘോഷയാത്രയും, ഗരുഢന്‍, കെെകൊട്ടിക്കളി, ഗാനമേള തുടങ്ങി മറ്റു കലാപരിപാടികളും നടക്കും. ഉത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികളായ എ.എസ്.ചന്ദ്രമോഹനന്‍ , കെ.കെ.സുധീഷ്, കെ.കെ.നാരായണന്‍ എന്നിവര്‍ അറിയിച്ചു.

Advertisment