ബയോ മാലിന്യ സംസ്കരണത്തിനുള്ള സിഎസ്ഐആര്‍-നിസ്റ്റ് സാങ്കേതികവിദ്യ ഡല്‍ഹി എയിംസില്‍ നാടിന് സമര്‍പ്പിച്ച് കേന്ദ്ര ശാസ്ത്ര-സാങ്കേതികവകുപ്പ് മന്ത്രി ജിതേന്ദ്രസിംഗ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
icbc

തിരുവനന്തപുരം: ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) മെഡിക്കല്‍ ജൈവമാലിന്യങ്ങള്‍ മണ്ണ് ഘടകമാക്കി മാറ്റുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള റിഗ് സംവിധാനം കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു. രക്തം, മൂത്രം, കഫം, ലാബോറട്ടറി ജൈവമാലിന്യങ്ങള്‍ തുടങ്ങിയവയാണ് ഈ വിധത്തില്‍ സംസ്കരിക്കാന്‍ സാധിക്കുന്നത്.


Advertisment

തിരുവനന്തപുരം ആസ്ഥാനമായ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയാണ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി) 'സൃജനം' എന്ന റിഗ് സംവിധാനം വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതികവിദ്യയിലൂടെ രോഗകാരികളായ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സുരക്ഷിതവും ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ സംസ്കരിക്കുന്നതിനുള്ള നൂതന ബദല്‍ പരിഹാരമാണ് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ലക്ഷ്യമിടുന്നത്.



ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ ആശുപത്രിക്കിടക്കയില്‍ നിന്നും പ്രതിദിനം അര കിലോയിലധികം രോഗജന്യമാലിന്യം രൂപപ്പെടുന്നുണ്ടെന്ന് മന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. ഇത് പകര്‍ച്ചാ സ്വഭാവമുള്ളതാണ്. ഈ അപകടസാധ്യതയുടെ ആദ്യ ഇരകള്‍ ആശുപത്രി ജീവനക്കാരും രോഗികളുമാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി മാലിന്യങ്ങള്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും കടുത്ത വെല്ലുവിളിയാണ്.


ഈ സാഹചര്യത്തില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി വികസിപ്പിച്ചെടുത്ത മാലിന്യ സംസ്ക്കരണ സംവിധാനം വലിയ സംഭാവനയാണ് നല്‍കുന്നത്. എയിംസിലെ പ്രാരംഭ ഉപയോഗത്തിന് ശേഷം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതിയോടെ ഇത് മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ട്. ഇത്തരം ഗവേഷണ ഫലങ്ങള്‍ പ്രായോഗികതലത്തിലെത്തിക്കാന്‍ മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


ഗവേഷണ സ്ഥാപനങ്ങള്‍ തങ്ങളുടെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തണം. നിര്‍ണായകമായ നിരവധി കണ്ടുപിടുത്തങ്ങള്‍ രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയും നവമാധ്യമങ്ങള്‍ വഴിയും ഇതിന്‍റെ പ്രചാരം നല്‍കണം. ആഗോളതലത്തില്‍ മത്സരശേഷി നേടിയെടുക്കാന്‍ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുകയാണ്. ഈ ഘട്ടത്തില്‍ മാലിന്യസംസ്ക്കരണമടക്കമുള്ള കാര്യങ്ങളില്‍ രാജ്യത്തിനകത്ത് വ്യക്തമായ ധാരണ വേണമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം മോദി സര്‍ക്കാര്‍ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് അതീവ പ്രാധാന്യമാണ് നല്‍കി വരുന്നത്. ആദ്യ നൂറു ദിനപരിപാടിയില്‍ ഭൂരിഭാഗം തീരുമാനങ്ങളും ശാസ്ത്ര ഗവേഷണ സംബന്ധിയായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പ് സെക്രട്ടറി തന്‍മയ് കുമാര്‍ ഐഎഎസ്, ഡിഎസ്ഐആര്‍ സെക്രട്ടറിയും സിഎസ്ഐആര്‍ ഡിജിയുമായ ഡോ. എന്‍ കലൈശെല്‍വി, ഡിഎച്ആര്‍ സെക്രട്ടറിയും ഐസിഎംആര്‍ ഡിജിയുമായ ഡോ. രാജീവ് ബഹ്ല്‍, നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍, എയിംസ് ഡയറക്ടര്‍ ഡോ. എം ശ്രീനിവാസ്, സിഎസ്ഐആര്‍ നിസ്റ്റ് ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.


സര്‍ക്കാരിന്‍റെ വേസ്റ്റ് ടു വെല്‍ത്ത് നയത്തിന്‍റെ ഭാഗമായുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് ഡോ. കലൈശെല്‍വി പറഞ്ഞു. പരിസ്ഥിതിയ്ക്ക് യാതൊരു കോട്ടവും വരുത്താതെ 30 മിനിറ്റിനുള്ളില്‍ 10 കിലോ മാലിന്യം സംസ്ക്കരിക്കാന്‍ ഈ ചെറിയ പ്ലാന്‍റിന് കഴിയുമെന്നും അവര്‍ പറഞ്ഞു.

പ്രതിദിനം 400 കിലോഗ്രാം വരെ മാലിന്യസംസ്ക്കരണ ശേഷി കൈവരിക്കാന്‍ സാധിക്കുന്ന മാലിന്യ സംസ്ക്കരണ സംവിധാനത്തിന് പ്രാരംഭ ഘട്ടത്തില്‍ ദിവസം 10 കിലോഗ്രാം ഡീഗ്രേഡബിള്‍ മെഡിക്കല്‍ മാലിന്യം കൈകാര്യം ചെയ്യാന്‍ സാധിക്കും. ഔദ്യോഗിക അംഗീകാരം ലഭിച്ചതിനു ശേഷം സാങ്കേതികവിദ്യ പൂര്‍ണ തോതിലുള്ള നടപ്പാക്കലിന് തയ്യാറാകും.


പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ റിഗ് ജൈവമാലിന്യങ്ങളെ മൂല്യസംസ്കരണം നടത്തി മണ്ണ് ഘടകമാക്കി മാറ്റിയത് മികച്ച സാങ്കേതികവിദ്യയാണെന്ന് ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ച സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് സുരക്ഷിതത്വം, രോഗഘടകങ്ങളോട് നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കല്‍, പകര്‍ച്ചവ്യാധി കാരണമായ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കല്‍ എന്നിവയെല്ലാം ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ദിനംതോറും 743 ടണ്‍ മെഡിക്കല്‍ ജൈവ മാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിന്‍റെ യഥാവിധിയുള്ള കൈകാര്യം ചെയ്യലും സംസ്ക്കരണവും എല്ലാക്കാലത്തും കടുത്ത വെല്ലുവിളിയായിരുന്നു.

Advertisment