/sathyam/media/media_files/2025/08/31/vasavan-bindu-ammini-2025-08-31-16-08-22.jpg)
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തില്‍ ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണിയെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നു മന്ത്രി വി.എൻ വാസവൻ. അങ്ങനെയുള്ള ആളുകളുടെ സംഗമമല്ല ആഗോള അയ്യപ്പ സംഗമം. യഥാര്‍ത്ഥ അയ്യപ്പ ഭക്തന്മാര്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തുടര്‍ച്ചയായി വന്ന് പോകുന്നവര്‍, വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് വരുന്നവർ എന്നിവരെയാണ് ഉള്‍പ്പെടുത്തുക. ആ പട്ടികയില്‍ ബിന്ദു അമ്മിണി ഇല്ല. ബിന്ദു അമ്മിണിയെ പരിപാടിയിലേക്ക് ക്ഷണിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേ സമയം സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചതില്‍ അപാകതയില്ലെന്നും മന്ത്രി പറഞ്ഞു.
സ്റ്റാലിനെ ക്ഷണിച്ചതിൽ രാഷ്ട്രീയം കാണേണ്ടതില്ല. കേരളം കഴിഞ്ഞാല്‍ ശബരിമലയിലേക്ക് ഏറ്റവും അധികം ഭക്തര്‍ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തമിഴ്‌നാട് ദേവസ്വം വകുപ്പ് മന്ത്രി ശേഖര്‍ ബാബു കഴിഞ്ഞ വര്‍ഷം ശബരിമല സന്ദര്‍ശിച്ചത് മൂന്ന് തവണയാണ്. ശബരിമലയുടെ വികസനത്തിന് എല്ലാ സഹകരണവും ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.
ശബരിമലയുടെ വികസനത്തില്‍ തമിഴ്‌നാടിന്റെ പങ്കാളിത്തം അനിവാര്യമാണ്. ആഗോള അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ചതിലൂടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ബിന്ദു അമ്മിണി കത്തയച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
പമ്പാനദിക്കരയില്‍ നടത്താനിരിക്കുന്ന സംഗമത്തില്‍ പോലും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുളള സ്ത്രീകളെ പ്രതിനിധികളായി പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നത് ദുഖകരമാണെന്നും സ്ത്രീ എന്ന നിലയില്‍ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും ബിന്ദു അമ്മിണി മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ പറയുന്നു.
സുപ്രീംകോടതിയുടെ ഐതിഹാസികമായ ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടര്‍ന്ന് അവിടെ ദര്‍ശനം നടത്താന്‍ കഴിഞ്ഞ ഭാഗ്യവതികളില്‍ ഒരാളാണ് താനെന്നും തന്നെപ്പോലെ ശബരിമല ദര്‍ശനം നടത്താനാഗ്രഹിക്കുന്ന യുവതികള്‍ കേരളത്തിനകത്തും പുറത്തുമുണ്ടെന്നും ബിന്ദു അമ്മിണി പറയുന്നു.