കളിക്കാൻ കളിക്കളങ്ങൾ റെഡി; ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിലൂടെ മണിമലയിലും അക്കപ്പാടത്തും ആധുനിക ടർഫുകൾ സജ്ജം. രണ്ടിടത്തുകൂടി ഉടൻ പൂർത്തിയാകും

New Update
tarff manimala

കോട്ടയം: സംസ്ഥാന കായികവകുപ്പിന്റെ 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ രണ്ട് കളിക്കളങ്ങൾ ഒരുങ്ങി. വൈക്കം അക്കരപ്പാടം ഗവൺമെന്റ് യു.പി. സ്‌കൂളിലും കാഞ്ഞിരപ്പള്ളി മണിമല ഗ്രാമപഞ്ചായത്തിലുമാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ മനോഹരമായ കളിക്കളങ്ങൾ ഒരുങ്ങിയിരിക്കുന്നത്. രണ്ടിടത്തും ഫുട്‌ബോൾ പ്രേമികൾക്കായി ആധുനിക നിലവാരത്തിലുള്ള ടർഫാണ് ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര ഫുട്‌ബോൾ ഫെഡറേഷന്റെ(ഫിഫ) മാനദണ്ഡപ്രകാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം.

Advertisment


ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അക്കരപ്പാടം ഗവൺമെന്റ് യു.പി. സ്‌കൂൾ ഗ്രൗണ്ടിലാണ് ടർഫ് കോർട്ട് .48 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് നിർമാണം. 65 സെന്റ് സ്ഥലത്ത് സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമാണം. കൂടാതെ ലൈറ്റുകൾ സജ്ജീകരിച്ചിരിക്കാനായി സി.കെ. ആശയുടെ എം.എൽ.എ. ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ കൂടി അനുവദിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.


മണിമല ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ പഞ്ചായത്ത് സ്‌റ്റേഡിയത്തിലാണ് ടർഫ് കോർട്ട്. സംസ്ഥാന കായികവകുപ്പിന്റെ 50 ലക്ഷം രൂപയും സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്റെ എം.എൽ.എ. ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ചെലവിട്ടാണ് നിർമാണം. 50 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലുമാണു ടർഫ്.


'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതി പ്രകാരം ജില്ലയിൽ ആറ് കളിക്കളങ്ങളാണ്ഒരുങ്ങുന്നത്. പൂഞ്ഞാർ, ചങ്ങനാശ്ശേരി നിയോജകമണ്ഡലങ്ങളിലെ നിർമാണം നടന്നു വരുന്നു. ഏറ്റുമാനൂർ, കടുത്തുരുത്തി എന്നിവടങ്ങളിലെ നിർമാണം ഉടൻ തുടങ്ങും.

Advertisment