/sathyam/media/media_files/2025/10/19/f8b1aa53-dcf5-46ff-aaa3-a1578d2b7acd-2025-10-19-21-23-20.jpg)
എറണാകുളം: ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിൻ്റെ മികച്ച ചിത്രകാരനുള്ള പ്രഥമ പുരസ്കാരം മോഹൻലാൽ പ്രശസ്ത ചിത്രകാരൻ സി ഭാഗ്യനാഥിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും, നമ്പൂതിരി രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
"നമ്പൂതിരിയുമായുണ്ടായിരുന്ന തന്റെ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അദ്ദേഹത്തിന് താൻ മകനോ, സുഹൃത്തോ ഒക്കെ ആയിരുന്നു. നമ്പൂതിരിയുടെ നീണ്ടു മെലിഞ്ഞ വരകൾ പോലെ അദ്ദേഹം തന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ആ നിഷ്ക്കളങ്കതയിൽ പൊതിഞ്ഞ സ്നേഹ വാത്സല്യങ്ങൾ എന്നും തനിക്കൊപ്പം ഉണ്ടായിരുന്നു. കണ്ണടച്ചാൽ, ആ മൃദുസ്പർശം ഇപ്പോഴും തനിക്ക് അനുഭവിക്കാനും കഴിയുന്നുണ്ട്"
വരയുടെയും, അഭിനയത്തിന്റെയും കുലപതിമാരുടെ കണ്ടുമുട്ടലുകളും, അവർ ഇടപഴകിയ നിമിഷങ്ങളും മോഹൻലാൽ വികാരാധീനനായി വിവരിക്കുമ്പോൾ സദസ്സ് നിശ്ശബ്ദതയിലായി.
"നമ്പൂതിരി വരച്ച നൂറ്ററുപതോളം ചിത്രങ്ങൾ താൻ ഇന്നും നിധിപോലെ സൂക്ഷിക്കുന്നുണ്ട്. ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിലെ എട്ടാമത്തെ ശ്ലോകം ആസ്പദമാക്കി ഒരു ചിത്രം വരച്ച് തരണമെന്ന് നമ്പൂതിരിയോട് താൻ ആവശ്യപ്പെട്ടപ്പോൾ, " വല്ലാത്തൊരു പണിയാണല്ലോ ലാലേ താൻ എന്നെ ഏൽപിക്കുന്നത്" എന്ന് പറഞ്ഞെങ്കിലും അഞ്ച് വർഷമെടുത്ത് ആ ചിത്രം വരച്ച് പൂർത്തിയാക്കി നൽകിയപ്പോൾ, താൻ വിസ്മയത്താൽ, വരയുടെ ആ മാന്ത്രിക വിരലുകൾ എൻ്റെ ശിരസ്സിൽ എടുത്ത് വെച്ച് അനുഗ്രഹം വാങ്ങി"
വർഷങ്ങൾക്ക് ശേഷം സൗന്ദര്യലഹരി ചിത്രം കാണുവാൻ അദ്ദേഹത്തിൻ്റെ സ്നേഹിതരുമായി വീട്ടിൽ എത്തിയപ്പോൾ ആ ചിത്രത്തിന് മുന്നിൽ കണ്ണ് നിറഞ്ഞ് നിശ്ശബ്ദനായി നിന്ന ശേഷം അദ്ദേഹം ലാളിത്യത്തോടെ ചോദിച്ചു, " ലാലേ ഇത് ഞാൻ തന്നെയാണോ വരച്ചത്.!" ഉത്തമനായ ഒരു കലാപ്രതിഭയ്ക്ക് മാത്രമേ ഇത്രയും വിനയാന്വിതനാകാൻ കഴിയൂ എന്ന് ലാൽ പറഞ്ഞു.
എറണാകുളം ടിഡിഎം ഹാളിൽ നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റി ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും ജൂറി കമ്മിറ്റി ചെയർമാനുമായ കെ സി നാരായണൻ, ആർട്ടിസ്റ്റ് നമ്പൂതിരിയുമായുള്ള സൃഹൃദ നിമിഷങ്ങൾ അനുസ്മരിച്ച് സംസാരിച്ചു.
കേരള ലളിത കലാ അക്കാദമി ചെയർമാനും, ജൂറി അംഗവുമായ മുരളി ചീരോത്ത്, ട്രസ്റ്റ് അംഗം രവിശങ്കർ, ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകനും ട്രസ്റ്റ് അംഗവുമായ കെ എം വാസുദേവൻ എന്നിവർ പ്രസംഗിച്ചു.
സി.ഭാഗ്യനാഥ് ചടങ്ങിൽ മറുപടി പറഞ്ഞു. ട്രസ്റ്റ് അംഗം ബിനുരാജ് കലാപീഠം സ്വാഗതവും, കേരള കാർട്ടൂൺ അക്കാദമി ചെയർമാനും, ട്രസ്റ്റ് അംഗവുമായ സുധീർ നാഥ് ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദിയും പറഞ്ഞു.
ബിനു രാജ് കലാപീഠം സംവിധാനം ചെയ്ത "നമ്പൂതിരി വരയുടെ കുലപതി" എന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.