/sathyam/media/media_files/2025/08/06/images1648-2025-08-06-00-25-42.jpg)
മുളന്തുരുത്തി: ഇന്നലെ രാവിലെ ഒൻപത് മണിക്ക് ആരക്കുന്നം കടയ്ക്കാ വളവിൽ വച്ച് ആയിരുന്നു ഇടുക്കി കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, (ഹോർട്ടികൾച്ചർ) മുളന്തുരുത്തി കാരിക്കോട് കള്ളാച്ചിയിൽ കെ കെ ജോർജ്ജിന് (53) ദാരുണാന്ത്യം സംഭവിച്ചത്.
ജോർജ്ജ് സഞ്ചരിച്ചിരുന്ന ബൈക്കിൻ്റെ പുറകിൽ ആരക്കുന്നം ടോക്ക് എച്ച് എൻജിനീയറിങ് കോളേജിൻ്റെ ബസ് ഇടിച്ചു കയറുകയായിരുന്നു. ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു ജോർജ്ജ്.
കൂത്താട്ടുകുളം - നടക്കാവ് റോഡിലെ വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയും മുലം നിരവധി ജീവനാണ് പൊലിയുന്നത്.
ജോർജ്ജിൻ്റെ ബൈക്കിൻ്റെ മുന്നിൽ പോവുകയായിരുന്ന ലോറിയുടെ നേർക്ക് നേരെ, വളവാണെന്ന് അറിഞ്ഞിട്ടും വകവയ്ക്കാതെ ട്രാക്ക് തെറ്റി കയറി വന്ന കെഎസ്ആർടിസി ബസ് ഇടിക്കാതിരിക്കാൻ ലോറി ബ്രേക്ക് ചെയ്യുകയുണ്ടായി.
ലോറി നിർത്തിയതിനു പുറകിൽ ജോർജ്ജിന്റെ ബൈക്ക് നിർത്തിയ സമയത്തായിരുന്നു കോളജ് ബസ്, ജോർജ്ജിൻ്റെ ബൈക്കിലേക്ക് ഇടിച്ച് കയറിയത്.
ഗുരുതരമായി പരിക്കേറ്റ ജോർജ്ജിനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
/filters:format(webp)/sathyam/media/media_files/2025/08/06/george-2025-08-06-00-28-27.jpeg)
ടോക്ക് എച്ച് എൻജിനീയറിങ്ങ് കോളേജിൻ്റെ ബസ്സുകളുടെ അമിതവേഗത്തെക്കുറിച്ച് നാളുകളായി അനേകം പരാതികൾ പല വ്യക്തികളും സ്ഥാപനങ്ങളും ബന്ധപ്പെട്ടവർക്ക് കൊടുത്തിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഈ ബസ്സുകൾ, കോളേജിൽ നിന്നും വിദ്യാർത്ഥികളെയുമായി കൂത്താട്ടുകുളം നടക്കാവ് റോഡിലേക്ക് പ്രവേശിക്കുന്നത് തന്നെ അമിതവേഗത്തിലാണ് എന്ന് യാത്രക്കാർ പരാതിപ്പെടാറുണ്ട്.
അമിത വേഗത്തിൽ കോളേജിൽ നിന്നും വിദ്യാർത്ഥികളെയുമായി ഒന്നിന് പുറകെ ഒന്നായി ഇറക്കം ഇറങ്ങി വരുന്ന ഏതാണ്ട് പത്തോളം ബസ്സുകൾ അതേ വേഗത്തിലാണ് ഇടവും വലവും നോക്കാതെ മെയിൻ റോഡിലേക്ക് തിരിയുന്നത്.
ഈ സമയം ആരക്കുന്നം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും പിറവം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും കഷ്ടിച്ചാണ് അപകടത്തിൽ പെടാതെ രക്ഷപ്പെടുന്നത്.
മെയിൻ റോഡിലേക്ക് പ്രവേശിക്കുന്ന ബസ്സുകൾ അമിതവേഗത്തിൽ മറ്റു വാഹനങ്ങളെ മറികടന്ന് പറക്കുകയാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ജോർജ്ജിന്റെ മരണത്തിന് ഉത്തരവാദിയായ ഡ്രൈവറെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കോളേജ് ബസ്സുകളുടെ അമിതവേഗം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മുളന്തുരുത്തി ജനകീയ സമിതിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിയത്.
വാർഡ് അംഗം മഞ്ജു അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ രാവിലെ എട്ടുമണിക്ക് ആരക്കുന്നം കവലയിൽ നടന്ന പ്രതിഷേധ ധർണ്ണ കെപിസിസി ഉപാദ്ധ്യക്ഷൻ വി ജെ പൗലോസ് ഉദ്ഘാടനം ചെയ്തു.
വൈക്കത്ത് ഇതേ രീതിയിൽ ബസ് ഇടിച്ച് യുവാവ് മരിച്ചതും, കാരിക്കോട് അമ്മയും മകളും അതിദാരുണമായി കൊല്ലപ്പെട്ടതും അടക്കം അനവധി അപകടങ്ങൾ ഈ സ്ഥാപനത്തിലെ ബസ്സുകൾ ഉണ്ടാക്കിയിട്ടുള്ളത് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
കോളജ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുമുള്ള നിരുത്തരവാദപരമായ പെരുമാറ്റമാണ് ബസ് ജീവനക്കാർ ഇത്തരത്തിൽ വഷളൻമാരായി പെരുമാറുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
പോലീസ് പലപ്പോഴായി താക്കീത് നൽകിയിട്ടും അതിനെ അവഗണിച്ചാണ് ബസ്സുകൾ റോഡിലൂടെ തേർവാഴ്ച നടത്തുന്നത്.
കോളജ് ക്യാമ്പസിന് പുറത്ത് റോഡിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനെക്കുറിച്ചും, ക്ലാസുകൾ ഇല്ലാത്ത സമയത്ത് കോളജിലെ കുട്ടികൾ ഒരു ബൈക്കിൽ മൂന്നിലധികം കുട്ടികളെ കയറ്റി റോഡിലൂടെ ചീറിപ്പായുന്നതും ധർണ്ണയിൽ പലരും പരാമർശിച്ചു.
ഇനിയും ഇത്തരത്തിൽ ഈ കോളജിലെ വാഹനങ്ങൾ ഇതേ രീതിയിൽ റോഡിലൂടെ അതിക്രമം നടത്തിയാൽ, അതിരൂക്ഷമായ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ജയകുമാർ മുന്നറിയിപ്പ് നൽകി.
ആരക്കുന്നം കവലയിലെ ധർണ്ണയ്ക്കുശേഷം ടോക് എച്ച് കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മുളന്തുരുത്തി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രതീഷ് ദിവാകരന്റെ അദ്ധ്യക്ഷതയിൽ കോളജ് ഗേറ്റിന്റെ മുന്നിൽ നടന്ന ധർണ്ണ മുളന്തുരുത്തി പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ എ ജോഷി ഉദ്ഘാടനം ചെയ്തു.
അപകടമുണ്ടാക്കിയ കോളജ് ബസ്സ്, സംഭവം നടന്ന ഉടനെ തന്നെ കോളജ് അധികൃതർക്ക് വിട്ടുകൊടുത്ത മുളന്തുരുത്തി പോലീസിന്റെ നടപടിയെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് സംസാരിച്ചവർ അതിരൂക്ഷമായി വിമർശിച്ചു.
അതേസമയം അപകടത്തിൽപ്പെട്ട ജോർജ്ജിന്റെ ബൈക്കും, ലോറിയും സംഭവ സ്ഥലത്ത് നിന്ന് മാറ്റാത്തതും അവർ ചൂണ്ടിക്കാട്ടി.
മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി, ഇടയ്ക്കാട്ട് വയൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ, സിപിഎം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി ഡി രമേശൻ, കോൺഗ്രസ് മുളന്തുരുത്തി മണ്ഡലം പ്രസിഡണ്ട് പോൾ ചാമക്കാല, സിപിഐ മുളന്തുരുത്തി ലോക്കൽ സെക്രട്ടറി ഒ എ മണി, ദുർഗ്ഗാ പ്രസാദ്, ബോബി പോൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സ്ത്രീ പുരുഷ യുവജന ഭേദമെന്യേ സാധാരണക്കാർ തുടങ്ങി നൂറുകണക്കിന് ജനങ്ങളാണ് തിമിർത്ത് പെയ്യുന്ന മഴയെ അവഗണിച്ച് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്.
ജനകീയ സമിതി നേതാക്കളും, ഗ്രാമപഞ്ചായത്ത് അധികൃതരും കോളജ് മാനേജ്മെന്റിന്, കോളജ് ബസ്സുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനെ കുറിച്ചും മറ്റ് അനുബന്ധ വിഷയങ്ങൾ ഉന്നയിച്ചും നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കോളജ് മാനേജ്മെൻ്റ്, ജനകീയ സമിതി നേതാക്കൾക്കും പഞ്ചായത്ത് അധികൃതർക്കും നൽകിയ ഉറപ്പ്:
- ബസ്സുകൾ അമിതവേഗത്തിൽ ഓടിക്കാതിരിക്കാൻ ഡ്രൈവർമാർക്ക് കർശന നിർദ്ദേശം നൽകും.
- ഡ്രൈവർമാർ മദ്യപിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തും
- ബസ്സിൽ സിസിടിവി ക്യാമറ സ്ഥാപിക്കും
- കോളജിലെ വിദ്യാർത്ഥികൾ ടൂവീലറിൽ പായുന്നത് ഒഴിവാക്കാൻ അവരുടെ മാതാപിതാക്കളുമായി സംസാരിച്ച് നടപടികൾ സ്വീകരിക്കും
- കോളേജ് കോമ്പൗണ്ടിന് പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും
- കോളജ് ബസ്സുകളുടെ വേഗ നിയന്ത്രണം ഉറപ്പുവരുത്താനായി ജീവനക്കാരനെ നിയമിക്കണമെന്ന ആവശ്യം മാനേജ്മെൻ്റുമായി സംസാരിച്ച് നടപ്പിലാക്കും