കോട്ടയം: മുണ്ടക്കയം ഡിവിഷനിൽ വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്തെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി പ്ലാന്റേഷൻ കുടിവെള്ള പദ്ധതി പൂർത്തിയായി.
ഭൂജല വകുപ്പ് മുഖേന കുഴൽക്കിണർ നിർമ്മിച്ച് ഓരോ വീടുകളിലും ടാപ്പുകൾ വഴി കുടിവെള്ളം ലഭ്യമാക്കുന്ന പൂർത്തിയായതോടെ പ്രദേശത്തെ 30 കുടുംബങ്ങൾക്കാണ് തുണയായത്. കുടിവെള്ള സ്രോതസ് ഇല്ലാത്തതിനാൽ ഈ മേഖലയിലെ ജനങ്ങൾക്ക് വെള്ളം വില കൊടുത്തു വാങ്ങേണ്ട സാഹചര്യമായിരുന്നു. ഇതിനാണ് പദ്ധതിയിലൂടെ പരിഹാരമായത്.
ജില്ലാ പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4.8 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും മുണ്ടക്കയം ഡിവിഷൻ അംഗവുമായ പി.ആർ അനുപമയുടെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമാക്കിയത്.
പദ്ധതിയുടെ ഉദ്ഘാടനവും പി .ആർ അനുപമ നിർവഹിച്ചു. മുണ്ടക്കയം ഡിവിഷനിൽ വിവിധ പ്രദേശങ്ങളിൽ ഇതിനോടകം ഒരു കോടി രൂപയോളം ചെലവഴിച്ച് ജലാമൃതം എന്ന പേരിൽ നിരവധി കുടിവെള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് പി.ആർ അനുപമ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം പി.എം ഫൈസൽമോൻ അധ്യക്ഷത വഹിച്ചു. പ്രദേശവാസികൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.