മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ സ്കൂളിന് ദേശീയ തലത്തിൽ അംഗീകാരം, ഹാക്ക് ഫോർ ഫ്യൂച്ചർ ഹാക്കത്തണിൽ മികച്ച വിജയം

New Update
9678a77a-40ce-4308-bdb7-74ce81feb809
കങ്ങഴ : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഹാക്ക് ഫോർ ഫ്യൂച്ചർ ഹാക്കത്തണിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിന് അഭിമാനനിമിഷം. എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ഹാക്ക് ഫോർ ഫ്യൂച്ചർ - 2025 ഹാക്കത്തൺ ഫിനാലെയിൽ ആണ് മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികൾ മികച്ച വിജയം നേടിയത്. 
ഭാവിയിലെ വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരങ്ങൾ ലക്ഷ്യമാക്കി സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ 'കാര്യക്ഷമവും സുരക്ഷിതവുമായ ഗതാഗതം' എന്ന വിഷയാധിഷ്ഠിത വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം ഓവറോൾ നാലാം സ്ഥാനവും കരസ്ഥമാക്കി.
നിലവിലെ ഗതാഗതക്കുരുക്കുകൾ ക്കും റോഡ് സുരക്ഷാ പ്രശ്നങ്ങൾക്കും നൂതനമായ സാങ്കേതികപരിഹാരം നിർദ്ദേശിച്ചുകൊണ്ടാണ് കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 63 മികച്ച പ്രോജക്ടുകളിൽ നിന്ന് ലിറ്റിൽ ഫ്‌ളവർ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചത്.

ac549741-ede2-4475-b9cf-293e03076ef3

സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ജേക്കബ് ജോസഫ്, അക്ഷയ്ശ്രീ പണിക്കർ, കെവിൻ ജോസഫ്, മെറിൻ തോമസ്, റോസ്മേരി ജോസഫ് എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്.
ഹാക്ക് ഫോർ ഫ്യൂച്ചർ ഹാക്കത്തണിൽ 'ബെസ്റ്റ് മെന്റർ' അവാർഡ് സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകൻ റെജി വി. ആർ. നേടിയത് ഇരട്ടി മധുരമായി. റെജി വി. ആർ. നൽകിയ മാർഗനിർദേശങ്ങളും സ്കൂളിലെ മറ്റൊരു അധ്യാപകൻ അബു താഹിറിന്റെ പിന്തുണയും ഈ നേട്ടത്തിൽ നിർണ്ണായകമായി.
സാങ്കേതികവിദ്യയിൽ രാജ്യത്തിന് സംഭാവന നൽകാൻ കഴിവുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിൽ ലിറ്റിൽ ഫ്ലവർ സ്കൂൾ വഹിക്കുന്ന പങ്കിലേക്കാണ് ഈ വിജയം വിരൽ ചൂണ്ടുന്നത്. വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയെ ഒരു ഉപകരണമെന്നതിലുപരി, സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗമായി ഉപയോഗിക്കാനുള്ള കഴിവിനെയും ഇത് അടയാളപെടുത്തുന്നു. അർഹതപ്പെട്ട നേട്ടത്തിന് പിന്നിൽ സ്കൂളിന്റെ സാങ്കേതിക പഠനനിലവാരവും, വിദ്യാർത്ഥികളുടെ ക്രിയാത്മകതയും പ്രധാന ഘടകങ്ങളാണെന്ന് മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജ് അധികൃതർ അറിയിച്ചു.
Advertisment
Advertisment