/sathyam/media/media_files/2025/10/02/markaz-2025-10-02-22-03-11.jpg)
കോഴിക്കോട്: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ മികവിനുള്ള ഒമ്പതാമത് ദേശീയ പുരസ്കാരം മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസിന്. സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ക്രിയാത്മകവും വിദ്യാർഥി സൗഹൃദവുമായ പഠനാന്തരീക്ഷം ഒരുക്കിയതിനും നൂതന സാങ്കേതിക വിദ്യകൾ വിദ്യാഭ്യാസ രീതിയിൽ ഉപയോഗപ്പെടുത്തിയതും പരിഗണിച്ചാണ് 2025 ലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവാർഡിനായി എം ജി എസ് തിരഞ്ഞെടുക്കപ്പെട്ടത്.
മംഗളൂരുവിലെ യേനപ്പോയ യൂണിവേഴ്‌സിറ്റി, കന്യാകുമാരിയിലെ നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ, ബെംഗളൂരു പ്രസിഡൻസി യൂണിവേഴ്‌സിറ്റി, ഹൈദരാബാദിലെ ഒവൈസി സ്കൂൾ ഓഫ് എക്സലൻസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മറ്റു കാറ്റഗറികളിലെ പുരസ്‌കാര ജേതാക്കൾ.
കേരളത്തിലെ വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മർകസ് മാനേജ്‌മെന്റിന് കീഴിലുള്ള 18 ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കൂട്ടായ്മയാണ് എം ജി എസ്(മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്). വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളുടെ മികവിനുമായി വിവിധ വികസന പദ്ധതികളാണ് എം ജി എസിന് കീഴിൽ സ്കൂളുകളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഹൈദരാബാദിൽ ഇന്ന് നടക്കുന്ന എ എം പി നാഷണൽ ടാലന്റ് സെർച്ച് ലോഞ്ചിങ് കോൺഫറൻസിൽ മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വിഎം റശീദ് സഖാഫി, അസോസിയേറ്റ് ഡയറക്ടർ മുഹമ്മദ് ദിൽഷാദ് എന്നിവർ അവാർഡ് സ്വീകരിക്കും.