/sathyam/media/media_files/2025/09/17/nava-keralam-2025-09-17-16-37-25.jpg)
'സ്ത്രീപക്ഷ നവകേരളം' എന്ന സ്ത്രീ ശാക്തീകരണ പരിപാടിക്ക് മുന്നോടിയായായി തിരുനക്കര ഗാന്ധി സ്‌ക്വയറിൽ കോട്ടയം ബസേലിയസ് കോളജിലെ എൻ.എസ്.എസ്. വോളണ്ടിയർമാർ പരിപാടി അവതരിപ്പിച്ചപ്പോള്‍
കോട്ടയം: ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് സ്ത്രീപക്ഷ നവകേരളം എന്ന പേരിൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീളുന്ന പരിപാടി ഇന്ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ആരംഭിച്ചു. ലിംഗസമത്വ കാഴ്ച്ചപ്പാടിൽ അധിഷ്ഠിതമായ നവകേരള സൃഷ്ടി ലക്ഷ്യമിടുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ പറഞ്ഞു.
പാനൽ ചർച്ചകൾ, കലാപരിപാടികൾ, വിവിധ വിഷയങ്ങളിൽ ക്ലാസുകൾ,ചർച്ചകൾ, സിനിമാ പ്രദർശനം എന്നിവ സെപ്റ്റംബർ 20 വരെയുള്ള ദിവസങ്ങളിൽ നടക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, അംഗങ്ങൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. തുടർന്ന് ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ മുൻ എംഎൽഎ ഇ.എസ് ബിജിമോൾ, കേരള വനം വികസന കോർപ്പറേഷൻ ചെയർ പേഴ്‌സൺ ലതിക സുഭാഷ്, കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ, ഡോ. പി.എം. ആരതി, പ്രഫ. റോണി കെ. ബേബി, എന്നിവർ സംസാരിച്ചു.
നാളെ (സെപ്റ്റംബർ 19) രാവിലെ നടക്കുന്ന സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തക ദയാബായി മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടി പി.എസ്. ഷിനോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. മാത്യു എന്നിവർ പങ്കെടുക്കും. ഗാർഹിക പീഡന അതിജീവിതകൾ അനുഭവം പങ്കുവയ്ക്കും. സന്നദ്ധ സംഘടനകളുടെ പ്രതിനിധികളായ മേഴ്‌സി അലക്‌സാണ്ടർ, അഡ്വ. കെ.ജി. ധന്യ, അഡ്വ. എം.ജി. ജെയ്‌നിമോൾ, സിസ്റ്റർ ആൻ ജോസ്, എസ്. ജയലക്ഷ്മി എന്നിവർ പങ്കെടുക്കും. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി.എസ്. ലൈജു മോഡറേറ്ററാകും.
ശനിയാഴ്ച്ച രാവിലെ പത്തിന് യോഗ ക്ലാസും ഡെമോൺസ്ട്രേഷനും നടക്കും. ജില്ലാ ആയൂർവേദ ആശുപത്രിയിലെ യോഗ പ്രോജക്ട് മെഡിക്കൽ ഓഫീസർ ഡോ. ടി.ആർ. ചാന്ദ്നി നേതൃത്വം നൽകും. സ്ത്രീയും മാനസിക ആരോഗ്യവും എന്ന വിഷയത്തിലുള്ള ക്ലാസും ചർച്ചയും ഡോ. എം.കെ. അരുഷ്മ നയിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്യും. മുൻ പ്രസിഡന്റ്് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരം സമിതി അധ്യക്ഷൻമാർ, അംഗങ്ങൾ തുടങ്ങിയവർ ആശംസയർപ്പിക്കും. ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടക്കും. സമാപന സമ്മേളനത്തിനുശേഷം കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.