New Update
/sathyam/media/media_files/2024/12/05/bNcBWRjRvxCMxCOLyQEP.jpeg)
തിരുവനന്തപുരം: ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നേടിയ അസാധാരണ വിജയം തെരഞ്ഞെടുപ്പ് സംവിധാനത്തിൻ്റെ വിശ്വാസ്യത കെടുത്തിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.
Advertisment
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് നടപ്പിലാക്കിയ എസ്.ഐ.ആറിൻ്റെ ഗുണഭോക്താവായി എൻ.ഡി.എ മാറി. എസ്.ഐ.ആറിലൂടെ 65 ലക്ഷം ജനങ്ങളെയാണ് വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്താക്കിയത്. സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വോട്ടർമാരാണ് വ്യാപകമായി പുറന്തള്ളപ്പെട്ടത്. ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൻ്റെ പേരിൽ വോട്ട് ചെയ്യാനെത്തിയ ആയിരങ്ങൾക്കാണ്
തിരിച്ചുപോകേണ്ടി വന്നത്. എസ്.ഐ.ആർ നടപ്പാക്കൽ സംഘ്പരിവാറിന്റെ രാഷ്ട്രീയാവശ്യമാണെന്ന് ബീഹാർ ജനവിധി തെളിയിച്ചു.
ദീർഘകാലമായി നിതീഷിന്റെ ഭരണത്തിന് കീഴിൽ സമാനതകളില്ലാത്ത ദുരിതമാണ് ബീഹാർജനത അനുഭവിച്ചുപോരുന്നത്. വികസന പിന്നാക്കാവസ്ഥയും തൊഴിലില്ലായ്മയും ബീഹാറിനെ വലക്കുന്ന സന്ദർഭത്തിൽ നടന്ന തെരഞ്ഞെടുപ്പിന്റെ വിധി സ്വാഭാവികമാണെന്ന് കരുതാനാവില്ല.
വലിയ ഭരണവിരുദ്ധ വികാരം അവിടെ നിലനിൽക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ സന്ദർഭത്തിൽ ബീഹാർ സന്ദർശിച്ച രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതിൽ നിന്നും തീർത്തും ഭിന്നമായ വിധിയാണ് ഇപ്പോൾ പുറത്തുവന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന തെരഞ്ഞെടുപ്പുകളിലും ഇതുതന്നെയാണ് സംഭവിച്ചത്.
ബി.ജെ.പിയുടെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകൾക്ക് ഇനി എന്ത് പ്രസക്തിയാണുള്ളതെന്ന് ചിന്തിക്കാൻ ജനങ്ങൾ നിർബന്ധിതമാകുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്.
ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം മുൻനിർത്തി സ്വതന്ത്ര മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും നേതൃത്വത്തിലുള്ള സൂക്ഷ്മ വിലയിരുത്തലുകൾ അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കലും വിശദമായ അന്വേഷണത്തിന് വിധേയമാക്കണം.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കുന്ന ദൗർബല്യം പരിഹരിക്കാൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകാത്തത് കാര്യങ്ങളെ ഗുരുതരമാക്കുന്നുണ്ട്. കേവല തെരഞ്ഞെടുപ്പ് ധാരണകൾക്കപ്പുറം രാജ്യത്തെ സംഘ്പരിവാറിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ദീർഘമായ രാഷ്ട്രീയ പോരാട്ടവും അതിനെ മുൻനിർത്തിയുള്ള രാഷ്ട്രീയ സഖ്യവും രൂപപ്പെടുത്തുകയല്ലാതെ മറ്റൊരു പരിഹാരവും ഇല്ലെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us