ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗത്തിൻ്റെ കീഴിൽ ആരംഭിക്കുന്ന പുകവലി മോചന ക്ലിനിക്കിന്റെയും ശ്വാസകോശ പുനരധിവാസ ചികിൽസാ ക്ലിനിക്കിന്റെയും പ്രവർത്തനോൽഘാടനം ശ്രീ. എച്ച്. സലാം എംഎൽഎ നിർവ്വഹിച്ചു. ഇത്തരം പദ്ധതികൾ ജനങ്ങളുടെ അറിവിലേക്കെത്തിക്കുവാൻ എല്ലാവരും ശ്രദ്ധയൂന്നേണ്ടതുണെന്ന് അദ്ദേഹം പറഞ്ഞു. പുകവലി മോചന ക്ലിനിക്കിൻ്റെയും ശ്വാസകോശ പുനരധിവാസ ചികിൽസാ ക്ലിനിക്കിൻ്റെയും പ്രവർത്തനം ശ്വാസകോശ രോഗികൾക്ക് വലിയൊരാശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു .
സുപ്രധാനമായ ഈ പൊതു ജനാരോഗ്യ സംരംഭത്തിന്റെ വിജയത്തിന് എല്ലാവരുടേയും പിന്തുണ പ്രിൻസിപ്പൽ ഡോ. ബി.പദ്മകുമാർ അഭ്യർത്ഥിച്ചു. പുകവലി മോചന ക്ലിനിക്കിൻ്റെ സേവനം എല്ലാ ബുധനാഴ്ചയും 11 മണി മുതൽ ഒരു മണി വരെയും ശ്വാസകോശ പുനരധിവാസ ക്ലിനിക്കിൻ്റെ സേവനം വെള്ളിയാഴ്ചകളിൽ രാവിലെ പത്തുമണി മുതൽ ഉച്ചക്ക് 12 മണിവരെയും ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു. ക്ലിനിക്കുകളുടെ പ്രവർത്തനത്തിന് ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും സൂപ്രണ്ട് ഡോ.ബി. ഹരികുമാർ വാഗ്ദാനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/06/18/31618787-7ff5-4eca-b5ae-2a138bff910d-2025-06-18-21-12-46.jpg)
ശ്വാസകോശാർബുദം , ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ തുടങ്ങി നിരവധി ശ്വാസകോശ രോഗങ്ങൾക്കും ഹൃദയ സംബന്ധിയായ രോഗങ്ങൾക്കും കാരണമാകുന്ന പുകവലിയിൽ നിന്നും പുകവലിക്കാരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുകവലി മോചന ക്ലിനിക്ക് ആരംഭിക്കുന്നതെന്ന് ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ പി എസ് ഷാജഹാൻ അറിയിച്ചു.
രോഗ സ്ഥിതിക്കനുസരണമായിട്ടുള്ള വ്യായാമ മുറകളും ,ശ്വസന വ്യായാമങ്ങളും , ഭക്ഷണ ക്രമങ്ങളും കൗൺസിലിംഗും ഒക്കെ ചേർന്നുള്ള സമഗ്ര ചികിൽസാ പദ്ധതിയാണ് ശ്വാസകോശ പുനരധിവാസ ചികിൽസ അഥവാ പൾമണറി റിഹാബിലിറ്റേഷൻ ചികിൽസ. ശ്വാസകോശ രോഗികളുടെ അനുബന്ധ ചികിൽസാ പദ്ധതിയായ ശ്വാസകോശ പുനരധിവാസ ചികിൽസ കൂടുതൽ സമഗ്രമാക്കുക രോഗികൾക്കും ബന്ധുക്കൾക്കും ഇതു സംബന്ധിയായ ആശങ്കകൾ അകറ്റുക എന്നീ ലക്ഷ്യങ്ങളോടെ ശ്വാസകോശ പുനരധിവാസ ചികിൽസ ക്ലിനിക്ക് ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശ്വാസ കോശ വിഭാഗം ഒ.പിയിൽ വെച്ചു നടന്ന പരിപാടിയിൽ വിവിധ വകുപ്പു മേധാവികൾ,ഡോക്ടർമാർ , നഴ്സിംഗ് മേധാവികൾ , വിവിധ സംഘടനാ പ്രതിനിധികൾ, ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.