/sathyam/media/media_files/2025/09/22/kuwait-court-2025-09-22-00-12-36.png)
കോട്ടയം: ഇന്‍ഷ്വറന്‍സ് പരിരക്ഷഇല്ലാത്ത ഇന്നോവ കാര്‍ ഇടിച്ച് 19 കാരന്റെ മരണത്തില്‍ വാഹന ഉടമസ്ഥയും കാര്‍ ഓടിച്ച മകനും ചേര്‍ന്നു 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യുണല്‍ ജഡ്ജി എസ്. സുഭാഷ് വിധിച്ചു.
കോട്ടയം കുമളി എന്‍.എച്ച് 183 റോഡില്‍ കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് ഓടിച്ചു വന്ന ഇന്നോവകാര്‍ കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിനു മുന്‍പില്‍ എത്തിയപ്പോള്‍ റോങ്ങ് സൈഡിലേക്ക് കയറിവന്ന് എതിരെ വന്ന ബൈക്കില്‍ ഇടിച്ചു.
ബൈക്ക് ഓടിച്ചു വന്ന 19 വയസുള്ള കോട്ടയം നട്ടാശരി എസ്എച്ച് മൗണ്ട് ഞണ്ടുപറമ്പില്‍ അനന്തു കെ വേണു ബൈക്കില്‍ നിന്ന് തെറിച്ച് മുഖമടിച്ച് വീഴുകയും ഗുരുതരമായ പരുക്കുകള്‍ ഏല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നുതന്നെ അനന്തു മരണപ്പെട്ടു.
2023 മാര്‍ച്ച് 27 വൈകിട്ട് 4.25 നാണ് അപകടം സംഭവിച്ചത്. തലേ ദിവസം അര്‍ദ്ധരാത്രിവരെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ആനിതോട്ടത്തില്‍ കൊഴിയാത്താനത്തു സമീര്‍ മാന്‍സില്‍ വീട്ടില്‍ ബിനീതയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഓടിച്ചിരുന്നത് 19 വയസുള്ള മകന്‍ നബീല്‍ ബഷീര്‍ ആയിരുന്നു.
കാഞ്ഞിരപ്പള്ളി പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 279 304 (എ) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മരണപ്പെട്ട അനന്ദുവിന്റെ മാതാപിതാക്കള്‍ നഷ്ടപരിഹാരത്തിനായി കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബുണലില്‍ നഷ്ടപരിഹാരത്തിനായി ഹര്‍ജി നല്‍കുകയായിരുന്നു. വിശദമായ തെളിവെടുത്ത കോടതി ഹര്‍ജിക്കാരുടെ കോടതി ചിലവും പലിശയും അടക്കം നാല്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ ഇന്നോവ കാറിന്റെ ഉടമസ്ഥയോടും ഡ്രൈവറോടും ഉത്തരവിടുകയായിരുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. വി.ബി ബിനു കോടതിയില്‍ ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us