ഒരുമയോടെ ഓണം; അക്ബര്‍ ഗ്രൂപ്പ് ആസ്ഥാനത്ത് ആഘോഷാരവം

New Update
11palakakd

പൊന്നാനി: ഉണ്ടും ഉടുത്തും ഒരുമയോടെ ഓണം. മുല്ലപ്പൂ ചൂടി, കസവ് സാരിയുടുത്ത് വനിതാ ജീവനക്കാരും   വേഷ്ടിയുടുത്ത് പുരുഷന്മാരും ഓഫീസുകളിലും  കമ്പനി വളപ്പിലും ഉത്സവത്തുടിപ്പോടെ  കര്‍മനിരതമായപ്പോള്‍ അക്ബര്‍ ഗ്രൂപ് ഓഫ് ഇന്ത്യയുടെ പൊന്നാനി ആനപ്പടിയിലെ ആസ്ഥാനത്ത് ഓണം കത്തിക്കേറി.  

Advertisment

ജോലിയോടൊപ്പം ഉത്സവാവേശവും ഉല്ലാസം തീര്‍ത്ത തൊഴിലിടം  ആമോദത്തോടെ  കുരവയിട്ടു:  'ആര്‍പ്പോ, ഇര്‍റോ, ഇര്‍റോ, ഇര്‍റോ...'. 

ആനപ്പടിയിലെ അക്ബര്‍ ട്രാവല്‍സ് - ബെന്‍കോ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന അക്ബര്‍ ഗ്രൂപ് ആസ്ഥാനം ഓണം ആഘോഷിച്ചത് തൊഴിലാളി - മുതലാളി അന്തരമില്ലാതെ.    ജീവനക്കാരുടെ ഓണാഘോഷത്തിന്  കുടുംബ സമ്മതമെത്തിയ കമ്പനി സ്ഥാപകനും എം ഡിയുമായ കെ വി അബ്ദുല്‍ നാസറും  എല്ലാ തട്ടിലുമുള്ള ജീവനക്കാരും ഒന്നിച്ചണിനിരന്ന്  ആരവം മുഴക്കിയും  ഒരേ വരിയില്‍ ഇലയിട്ട്  സദ്യയുണ്ടും  ആമോദത്തോടെ വസിച്ചും ഇത്തവണയും ഓണം അര്‍ത്ഥപൂര്‍ണമാക്കി.

33palakakd

വിഭവസമൃദ്ധമായ  സദ്യയും  വിരസത തീണ്ടാത്ത കലാ - കായിക ഇനങ്ങളും അക്ബര്‍ ഗ്രൂപ്പ് ആസ്ഥാനത്തെ ഓണാഘോഷം  കണ്ണിനും കാതിനും  നാവിനും മനസ്സിനും  രുചിയേകി.   ജീവനക്കാര്‍ സ്വയം പരിശ്രമത്തില്‍ പരിശീലിച്ച് അവതരിപ്പിച്ച  കലാ ഇനങ്ങള്‍  കണ്ടുനിന്നവരുടെ കൈയടി നേടി.  തിരുവാതിരക്കളി, ഒപ്പന, നൃത്തനൃത്യങ്ങള്‍, ഗാനാലാപനം, കായിക മത്സരങ്ങള്‍ മുതലായ ആവേശം തുളുമ്പിയ പരിപാടികള്‍ പകല്‍ മുഴുവന്‍ പകിട്ടുള്ളതാക്കി.

പരിപാടികള്‍ക്ക് തുടക്കമിട്ട് അരങ്ങേറിയ തിരുവാതിരക്കളി ഷെഹ, ഗോപിക, നജ്മത്ത്, ശിശിര, മേഘ, ആതിര, മഞ്ജു, സുചിത്ര, ഷഹര്‍ബാന്‍, ജിഷ, ജുമൈല, ലുബ്ന, ജസീന, സിമി, നന്ദന, പ്രണിത എന്നിവര്‍ മനോഹരമാക്കി.  ഇതേ സംഘം സിനിമാറ്റിക് ഫ്യുഷന്‍ ഡാന്‍സും അവതരിപ്പിച്ചു.  വിദ്യ, കവിത, സ്‌നേഹ, മാജിദ, വിനീത എന്നിവര്‍  ഉള്‍പ്പെടുന്ന സംഘവും സിനിമാറ്റിക് ഫ്യുഷന്‍ നൃത്തം അവതരിപ്പിച്ചു.

ഷെഹ, കവിത, സ്‌നേഹ, പ്രശോഭ്,  മുകേഷ്, സൈദ്, മുരളി, ജിനേഷ്, സുഫൈല്‍ എന്നിവര്‍ ചേര്‍ന്ന് സംഘഗാനം അവതരിപ്പിച്ചു.   നിതിന്‍, സിറാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും  കമ്പനിയിലെ വനിതാ ജീവനക്കാരുടെ മറ്റൊരു സംഘവും  ഗാനങ്ങളുമായി വേദിയിലെത്തി.   ബിജിഷ്, അഭിലാഷ്, പ്രശോഭ് എന്നിവരും  ഗാനങ്ങളാലപിച്ചു. 

വടംവലി മത്സരങ്ങളില്‍ ഷാഹുലും സംഘവും ഒന്നും രോഹിതും സംഘവും രണ്ടും സ്ഥാനങ്ങള്‍ നേടി.  രാജേഷ്, ഹുസൈന്‍ എന്നിവര്‍ നയിച്ച സംഘങ്ങളും മാറ്റുരച്ചു.  വനിതകളുടെ വടംവലി മത്സരത്തില്‍  ജസീന നയിച്ച ടീം ജേതാക്കളായി.   മറ്റൊരു ടീമിനെ  ഷെഹ നയിച്ചു. 

മ്യൂസിക്കല്‍ ചെയര്‍ മത്സരത്തില്‍ ഹാരിസ്, ഗോപിക എന്നിവരായിരുന്നു പുരുഷ - വനിതാ വിജയികള്‍.  വനിതകളുടെ 'കുളം - കര' മത്സരത്തില്‍  ഒന്നാം സ്ഥാനം വിദ്യ, ലുബ്ന എന്നിവര്‍ പങ്കിട്ടപ്പോള്‍ പുരുഷ വിഭാഗത്തില്‍  ലത്തീഫ് ആയിരുന്നു  ജേതാവ്.

കമ്പനി വളപ്പില്‍ തീര്‍ത്ത മനോഹരമായ പൂക്കളത്തിന് വിനീഷ്, രാഹുല്‍ എന്നിവര്‍ ശില്‍പികളായി.

ഷെഹ, ജസീന, ജുമൈല, ലുബ്ന, ഗോപിക, ശിശിര, നജ്മത്ത്  എന്നിവര്‍  ചേര്‍ന്ന് അവതരിപ്പിച്ച  ഒപ്പനയും  അക്ബര്‍ ജീവനക്കാര്‍ ഒന്നടങ്കം താളം തുള്ളിയ  ഡി ജെ പാര്‍ട്ടിയും ഓണാഘോഷങ്ങള്‍ക്ക് തുടിപ്പാര്‍ന്ന സമാപനം തീര്‍ത്തു.    അക്ബര്‍ ഉദ്യോഗസ്ഥരായ അച്യുതന്‍, ഹനീഫ, സഹീര്‍, സിജിത്, നിഷാന്ത്, ഹരിദാസ്, സന്തോഷ്  എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത വിജയികള്‍ക്കുള്ള  ക്യാഷ് അവാര്‍ഡുകള്‍ അവര്‍ തന്നെ വിജയികള്‍ക്ക് സമ്മാനിച്ചു.  

സുഫൈല്‍, റാബിഷ്, ബിജിഷ്, ഷാഫി എന്നിവരായിരുന്നു  ഒരു പകല്‍ നീണ്ട ഓണാഘോഷ പരിപാടികളുടെ അവതാരകര്‍.  മജീദ് ശബ്ദസംവിധാനം നിര്‍വഹിച്ചപ്പോള്‍ അക്ബര്‍ ഐ ടി ജീവനക്കാര്‍ മറ്റു സാങ്കേതിക വശങ്ങള്‍ തികവുറ്റതുമാക്കി. ബെന്‍കോ വെളിച്ചെണ്ണ കമ്പനിയിലെ ജീവനക്കാര്‍  ആഘോഷവേദിയുടെ  അടിസ്ഥാന സൗകര്യങ്ങള്‍  സജ്ജീകരിച്ചു.
 
കേമമായ സദ്യാവട്ടം ഓണാഘോഷം കൊഴുപ്പുറ്റതാക്കി.   അക്ബര്‍ ഗ്രൂപ്പിലെ മറ്റു സഹോദര സ്ഥാപനങ്ങളിലും  വിവിധ പരിപാടികളോടെ ഓണാഘോഷം അരങ്ങേറി.

Advertisment