/sathyam/media/media_files/2025/12/17/b30c5044-336c-4318-a423-903f17c92db6-2025-12-17-21-52-40.jpg)
പാലാ :- ഈ വർഷത്തെ പ്രൊഫ. എസ് രാമാനുജംസ്‌മൃതി പുരസ്‌കാരം നേടിയ ടി എക്സ് ജോർജ് മാസ്റ്ററിനെ പാലായിലെ നാടക സാംസ്കാരിക കൂട്ടായ്‌മ ആദരിക്കുന്നു. 2025 ഡിസംബർ 20 ശനി രാവിലെ 11 ന് പാലാ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കുന്ന രാമാനുജംസ്‌മൃതി സദസിലാണ് ആദരിക്കുന്നത്. പുരസ്കാരശില്പം പതിനായിരത്തിഒന്ന് രൂപ പ്രശസ്തിപത്രം എന്നിവയുൾപ്പെട്ടതാണ് പ്രൊഫ. എസ് രാമാനുജംസ്‌മൃതി പുരസ്‌കാരം. ടി എക്സ് ജോർജിന്റെ സഹധർമ്മണി നടി രാജമ്മ ജോർജിനേയും ആദരിക്കും.
ആദരസദസിൽ രവി പാലാ, എം എ ആഗസ്തി, ശ്രീവരമങ്കൈ രാമാനുജം, ബിജോയ് മണർക്കാട്ട്, ബാബു കുരുവിള, സതീഷ് മണർക്കാട്ട്, കൃതിക ശരത്, ലക്ഷ്മി ശശിധരൻ, കുമാരദാസ് ടി എൻ, ഷിബി ബാലകൃഷ്ണൻ, ജിനു ചെമ്പിളാവ്, കിരൺ രഘു,ജോസ് ഗ്രാമനികേതൻ, അജേഷ് എസ് എസ്, ശ്രീദേവി ഡി, അഭീഷ് ശശിധരൻ തുടങ്ങിയവർ സംസാരിക്കും. എം എ ആഗസ്തി പ്രൊഫ. എസ് രാമാനുജം അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. ഉമേഷ് സുധാകറിന്റെ പുല്ലാങ്കുഴൽ സംഗീതം, ബഷീറിന്റെ അനശ്വരപ്രകാശത്തെ അവലംബമാക്കി ഫവാസ് അമീർ ഹംസയുടെ സമകാലിക നൃത്തം എന്നിവ പാലായിലും പൊൻകുന്നത്തും നടക്കും.
2025 ഡിസംബർ 20 ന് ഉച്ചകഴിഞ്ഞ് 2.30 പി എം മുതൽ 5 പി എം വരെ, പൊൻകുന്നം ജനകീയ വായനശാലയിൽ ഷാലിജ സുന്ദരേശൻ പ്രൊഫ. എസ് രാമാനുജംസ്‌മൃതി പുരസ്‌കാര നൽകും. രാമാനുജം സ്‌മൃതി സദസ്സും പുല്ലാങ്കുഴൽ സംഗീതവും നൃത്തവും ഉണ്ടായിരിക്കും. പാലാ തീയേറ്റർ ഹട്ടിന്റെയും പൊൻകുന്നം ജനകീയവായനശാലയുടെയും ടെക്നോ ജിപ്സിയുടെയും സംഘാടനത്തിൽ പാലാ മുനിസിപ്പൽ ആർമി, ലൈബ്രറി കൾച്ചറൽ ക്ലബ്, രാമാനുജം മാസ്റ്ററിന്റെ കുടുംബാംഗങ്ങളുടെയും ശിഷ്യരുടേയും സഹകരണത്തിലാണ് ആദരസദസ്സും പുരസ്‌കാര സദസ്സും നടക്കുന്നത്.
മലയാള നാടകവേദിയുടെ ആധുനിക രംഗാവതരണ രൂപഘടനയ്ക്ക് സ്വതസിദ്ധമായ സർഗ്ഗ സംഭാവനകൾ നൽകിയ കലാകാരനാണ് ടി എക്സ് ജോർജ് . പ്രൊഫ. എസ് രാമാനുജം, പ്രൊഫ. ജി ശങ്കരപ്പിള്ള, ഇബ്രാഹിം അൽകാസി എന്നിവരുടെ ശിക്ഷണത്തിലൂടെ സ്വായത്തമാക്കിയ രംഗ ദർശനങ്ങളിലൂടെ ജനകീയ ജനപ്രിയ നാടകങ്ങളെ വളർത്തി. നവഭാവുകത്വം നൽകുന്ന രംഗാവതരണങ്ങളിലൂടെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പുതു ആസ്വാദകരേയും നാടകപ്രവർത്തകരേയും വാർത്തെടുത്തു. പാലാ രംഗവർത്തികയിൽ അദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങൾ മലയാള നാടകചരിത്രത്തിലെ പ്രധാന സംഭാവനയാണ്.
മലയാളനാടകവേദിയുടെ ദൃശ്യഭാഷയ്ക്കും കുട്ടികളുടെ നാടകവേദിയ്ക്കും അടിത്തറ നൽകിയ പ്രൊഫ. എസ് രാമാനുജം മാസ്റ്റർ ഞങ്ങളുടെ പ്രിയപ്പെട്ട വഴികാട്ടിയാണ്. പാലായിലും പൊൻകുന്നത്തും പനമറ്റത്തും നാടകത്തെക്കുറിച്ചും കുട്ടികൾക്കും അമ്മമാർക്കും വയോജനങ്ങൾക്കുമുണ്ടാകേണ്ടുന്ന സർഗ്ഗാത്മക പ്രവർത്തനങ്ങളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും നിരവധി ശില്പശാലകൾ രാമാനുജം മാസ്റ്റർ നടത്തിയിരുന്നു. 2015 മുതൽ എല്ലാവർഷവും രാമാനുജം സ്‌മൃതി നടത്തിവരുന്നു. നാടകരംഗത്തെ ഗുരുജനങ്ങളെ ആദരിക്കുവാനായി 2021 മുതൽ പ്രൊഫ. എസ് രാമാനുജംസ്‌മൃതി പുരസ്‌കാരം സമർപ്പണം തുടങ്ങി. ആർട്ടിസ്റ്റ് സുജാതൻ, കാഞ്ചിയാർ രാജൻ, കെ പി എ സി ശാന്ത കെ പിള്ളൈ, ഇ ടി വർഗ്ഗീസ് എന്നിവർക്കാണ് ഇതുവരെയും നൽകിയത്. പാലായിൽ നമ്മുടെ പൂർവ്വസൂരികളായ കലാപ്രവർത്തകരെ ഓർക്കുവാനും സാംസ്‌കാരിക പുരോഗതിക്കായും സാമ്പത്തിക ലാഭേച്ഛയില്ലാതെ നടത്തുന്ന പരിപാടിയാണ് പ്രൊഫ. എസ്. രാമാനുജം സ്‌മൃതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us