'ആന റാഞ്ചികൾ' 'മരം കുടഞ്ഞ ഇലകൾ' എഴുത്തുകാരായ ദമ്പതികളുടെ പുസ്തകങ്ങൾ  പ്രകാശനം നടത്തി

New Update
556

പുലാപ്പറ്റ: എഴുത്തുകാരായ ദമ്പതികൾ ഇബ്നു അലി എടത്തനാട്ടുകരയുടെയും ഭാര്യ സീനത്ത് അലിയുടെയും പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം നടത്തി.കോണിക്കഴി അക്ഷരം വായനശാലയുടെ കീഴിൽ ഉമ്മനഴി എ.എൽ.പി.സ്കൂളിൽ നടത്തിയ പരിപാടിയിൽ നാടകാചാര്യനും പ്രഭാഷകനുമായ കെ.പി.എസ്.പയ്യനെടം പ്രകാശനം നിർവഹിച്ച് സംസാരിച്ചു.

Advertisment

സൃഷ്ടിപരം ആയിരിക്കാനുള്ള നമ്മുടെ കഴിവാണ് സർഗ്ഗാത്മകത.സവിശേഷമായ മനുഷ്യബന്ധത്തിന്റെ ആവിഷ്കാരമാണ് ദമ്പതികൾ എഴുത്തുകാരും അക്ഷരസ്നേഹികളും ആവുക എന്നത്.എഴുത്തുകാരായ ദമ്പതികൾ നാടിന്റെ അനുഗ്രഹവും സൗന്ദര്യവുമാണ്.എഴുത്തും വായനയും ബുദ്ധിപരമായും വൈകാരികമായും നമ്മെ ആകർഷിക്കുന്നുവെന്ന് മാത്രമല്ല അക്ഷരം യഥാർത്ഥത്തിൽ മാർഗദർശിയുമാണെന്ന് കെപിഎസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ജമാൽ മുഹമ്മദ്‌,കരീം പടുകുണ്ടിൽ, അക്ബറലി പാറക്കോട് എന്നിവർ പുസ്തകം ഏറ്റുവാങ്ങി.വായനശാല പ്രസിഡൻ്റ് ചന്ദ്രകുമാരൻ മുണ്ടുള്ളി അധ്യക്ഷനായി.
ജയറാം പാതാരി,എം.ഹരിദാസ് എന്നിവർ പുസ്തകം പരിചയപ്പെടുത്തി.എഴുത്തുകാരായ കെ.പി.രാജേഷ്, സിബിൻ ഹരിദാസ്,ഉസ്മാൻ പാലക്കാഴി,എന്നിവർ പ്രസംഗിച്ചു.

വിനയ ചന്ദ്രൻ മോഡറേറ്ററായി.ജി.എസ്.ടി.വകുപ്പിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ച ഇബ്നു അലി എടത്തനാട്ടുകരയുടെ മൂന്നാമത്തെ പുസ്തകമായ 'ആന റാഞ്ചികൾ' ആക്ഷേപഹാസ്യ കൃതിയും,സീനത്ത് അലിയുടെ രണ്ടാമത്തെ പുസ്തകമായ
'മരം കുടഞ്ഞ ഇലകൾ' കവിതാ സമാഹാരവുമാണ്. പാലക്കാട് മിറർ ബുക്സ് ആണ് പ്രസാധനം. ശ്രീകുമാരി ടീച്ചർ കാവ്യാലാപനം നടത്തി.യു.കെ.റഷീദ് സ്വാഗതവും ജാഫർ നന്ദിയും പറഞ്ഞു.

Advertisment